ഇളവുകള്‍ അനുവദിച്ചതോടെ പലയിടത്തും ആള്‍ക്കൂട്ടം; ഇത് ഒഴിവാക്കാന്‍ കരുതല്‍ വേണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സര്‍ക്കാരിൻ്റെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതോടെ പലയിടത്തും ആള്‍ക്കൂട്ടമുണ്ടാവുന്നുണ്ടെന്നും ഇത് ഒഴിവാക്കാന്‍ കരുതൽ വേണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര സര്‍ക്കാരിൻ്റെ മുന്നറിയിപ്പ്. കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള നടപടികളില്‍ അയവു വരരുതെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നതിനൊപ്പം വാക്‌സിനേഷന്‍ വേഗത്തിലാക്കാനും നടപടി വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊറോണ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതു നിര്‍ണായകമാണ്. പരമാവധി ആളുകള്‍ക്കു വേഗത്തില്‍ വാക്‌സിന്‍ കിട്ടുന്നതിന് നടപടികള്‍ വേണമെന്ന് കത്തില്‍ പറയുന്നു.

രണ്ടാംതരംഗങ്ങളില്‍ പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊറോണ കേസുകള്‍ കുതിച്ചുയരുന്ന സ്ഥിതിയുണ്ടായി. അതിനെ നേരിടാനാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കേസുകള്‍ കുറഞ്ഞതോടെ ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നു. ഇതോടൊപ്പം പലയിടത്തും ആള്‍ക്കുട്ടമുണ്ടാവുന്ന സ്ഥിതിയുണ്ടായതായി ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

മാസ്‌ക്, കൈകള്‍ ശുചിയാക്കല്‍, സാമൂഹ്യ അകലം എന്നിവയില്‍ അയവു വരാന്‍ അനുവദിക്കരുത്. ഇക്കാര്യത്തില്‍ നിരന്തരമായ നിരീക്ഷണം വേണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. കൊറോണ മാനദണ്ഡം ലംഘിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.

ചന്തകളില്‍ കൊറോണ മാനദണ്ഡം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ട ഡെല്‍ഹി ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കേന്ദ്ര, ഡെല്‍ഹി സര്‍ക്കാരുകളെ വിമര്‍ശിച്ചു. ഡെല്‍ഹിയില്‍ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകള്‍ കുറവാണ്. തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ചന്തകളില്‍ കൊറോണ മാനദണ്ഡം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി ഹൈക്കോടതി സ്വമേധയ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

നിലവിലെ സ്ഥിതി അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. കൊറോണ വ്യാപനം വീണ്ടും തീവ്രമാവാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അല്ലാതെ, കൊറോണ മാനദണ്ഡം ലംഘിക്കുന്നത് തുടര്‍ന്നാല്‍ മൂന്നാം തരംഗം വേഗത്തിലാകുന്നതിന് ഇടയാക്കുമെന്ന് കോടതി താക്കീത് നല്‍കി. ജസ്റ്റിസുമാരായ നവിന്‍ ചൗളയും ആശ മേനോനും അടങ്ങുന്ന വെക്കേഷന്‍ ബഞ്ചാണ് മുന്നറിയിപ്പ് നല്‍കിയത്.

ഏത് സാഹചര്യത്തിലായാലും കൊറോണ മാനദണ്ഡം ലംഘിക്കുന്നത് അനുവദിക്കാന്‍ സാധിക്കില്ല. കൊറോണ മാനദണ്ഡം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തോടും ഡെല്‍ഹി സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. കടയുടമകളെ ജാഗ്രതപ്പെടുത്തുന്നതിന് വേണ്ടി യോഗം വിളിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.