കാത്തിരിക്കണം ഒരു മാസം കൂടി; കുവൈറ്റ് പ്രവേശന വിലക്ക് നീക്കുന്നു; വാക്സിൻ എടുത്തവർക്ക് ഓഗസ്റ്റ് ഒന്നുമുതൽ പ്രവേശനം

ദുബായ് : ഒരു മാസത്തെ കാത്തിരിപ്പ് കൂടി വേണം കുവൈറ്റിലെത്താൻ. കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കുവൈറ്റ് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കുന്നു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യക്കാർക്ക് കഴിഞ്ഞ ഒന്നര വർഷമായി ഏർപ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈറ്റ് മന്ത്രിസഭ നീക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് നിയന്ത്രണങ്ങളോടെ നീക്കുകയാണന്ന് മന്ത്രിസഭ അറിയിച്ചു.

വാക്‌സിൻ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്.

ഫൈസർ, അസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് കുവൈറ്റ് അംഗീകരിച്ച വാക്‌സിനുകൾ.ഈ വാക്‌സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി.

ഇന്ത്യയിൽ വിതരണം ചെയ്യുന്ന അസ്ട്രാസെനക കൊവിഷീൽഡ് വാക്‌സിന് കുവൈറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. അതേസമയം ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അംഗീകാരം നൽകിയിട്ടില്ല.