കോളയുടെ കഷ്ടകാലം തുടങ്ങി; റൊണാൾഡോയ്ക്ക് പിന്നാലെ കോള ബോട്ടിലുകൾ മാറ്റിവെച്ച് ഇറ്റലിയുടെ സൂപ്പർതാരം മാ​ന്വ​ൽ ലൊകാടെല്ലിയും

റോം: പോർച്ചുഗീസ്​ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ ഇറ്റലിയുടെ സൂപ്പർതാരം മാ​ന്വ​ൽ ലൊ​കാ​ടെ​ല്ലിയും കോള ബോട്ടിലുകൾ മാറ്റിവെച്ചു. സ്വിറ്റ്​സർലൻഡുമായുള്ള മത്സരത്തിൽ ഇരട്ടഗോളുമായുള്ള മിന്നും പ്രകടനത്തിന്​ ശേഷം മാൻ ഓഫ്​ ദി മാച്ച്‌​ ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു ലൊ​കാ​ടെ​ല്ലി കോള ബോട്ടിലുകൾ മാറ്റിവെച്ചത്​. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​.

റൊണോൾഡോ പാനീയം എടുത്തു മാറ്റിയതിന്​ പിന്നാലെ കോർപ്പറേറ്റ്​ ഭീമൻ കൊക്ക കോളക്ക്​ കോടികളുടെ നഷ്​ടം ഉണ്ടായിരുന്നു​. കമ്പനിയുടെ ഓഹരി വില 1.6 ശതമാനമാണ്​ ഇടിഞ്ഞത്​. കൊക്ക കോളയുടെ ആസ്​തി 342 ബില്യൺ ഡോളറിൽ നിന്ന്​ 338 ബില്യൺ ഡോളറായി കുറയുകയും ചെയ്​തു. നാല്​ ബില്യൺ ഡോളറിന്റെ നഷ്​ടമാണ്​ കമ്പനിക്കുണ്ടായത്​.

യുറോ കപ്പ്​ വാർത്ത സമ്മേളനത്തിനായി എത്തിയ റൊണോൾഡോ ആദ്യം ചെയ്​തത്​ കൊക്ക കോള രണ്ട്​ കുപ്പിപാനീയം എടുത്തുമാറ്റുകയായിരുന്നു. മുന്നിൽ നിന്ന്​ ദൂരെ നിർത്തുക മാത്രമല്ല, കുപ്പിവെള്ളം എടുത്തുയർത്തി നീരസവും അമർഷവും ​സമം ചേർത്ത്​ ചുറ്റുംനിന്നവർക്ക്​ ഉപദേശം നൽകാനും റോണോ മറന്നില്ല: ”വെള്ളമാണ്​ കുടിക്കേണ്ടത്​”. പാതി മറഞ്ഞാണെങ്കിലും ഇതിൻറെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ്​ കമ്പനിക്ക്​ തിരിച്ചടിയേറ്റത്​.