കൊറോണ വ്യാപനവും മരണങ്ങളും ; തെലങ്കാനയിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി

വിശാഖപട്ടണം: കൊറോണ വ്യാപനവും തുടർന്ന് മരണസംഖ്യയും വർധിച്ചതോടെ തെലങ്കാനയിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി. സിപിഐ (മാവോയിസ്റ്റ്) സംഘത്തിലെ 19 ഭീകരരാണ് ആയുധങ്ങളുമായി കീഴടങ്ങിയത്. സെൻട്രൽ റിസർവ്വ് പോലീസ് ഫോഴ്‌സിന്റെ സാന്നിദ്ധ്യത്തിൽ ഭന്ദ്രാദ്രി കോതഗുഡം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയായിരുന്നു കീഴടങ്ങൽ.

കൊറോണ വ്യാപനവും ഇതേ തുടർന്നുള്ള ഭീതിയുമാണ് ഭീകരർ കീഴടങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. വൈറസ് ബാധ കമ്യൂണിസ്റ്റ് ഭീകരർക്കിടയിൽ രൂക്ഷമായി ബാധിച്ചിട്ടുണ്ട് . ശരിയായ ചികിത്സ ലഭിക്കാതെ നിരവധി നേതാക്കളാണ് മരിച്ചത്. ഇത് കൂടാതെ കീഴടങ്ങുന്നവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും ഭീകരരെ ആകർഷിച്ചിട്ടുണ്ട്.

ഭീകരരിൽ പത്ത് പേർ പുലിഗുണ്ടല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്. ഏഴ് പേർ ബക്കാച്ചിന്തലപ്പാടുവിൽ നിന്നും, രണ്ട് പേർ മുളകനപള്ളിയിൽ നിന്നുള്ളവരുമാണ്. കമ്യൂണിസ്റ്റ് ഭീകര സംഘത്തിൽ മൂന്ന് സ്ത്രീകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഭീകരരോട് ദയവായി കീഴടങ്ങാൻ അഭ്യർത്ഥിക്കുകയാണെന്ന് ഭന്ദ്രാദ്രി കോതഗുഡം എസ്പി പറഞ്ഞു.

കൊറോണ വ്യപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഛത്തീസ്ഗഡ് അതിർത്തിയിൽ നിരവധി തവണയാണ് ഭീകരർ യോഗങ്ങൾ സംഘടിപ്പിച്ചത്. യോഗത്തിൽ പങ്കെടുക്കാത്തവർക്ക് നേതാക്കൾ 500 രൂപ പിഴ ഈടാക്കിയിരുന്നു.

നിരവധി നേതാക്കന്മാർക്ക് കൊറോണ ബാധിച്ചു. കഴിഞ്ഞ മാസങ്ങളിലായി കൊറോണ ബാധിച്ച നിരവധി കമ്യൂണിസ്റ്റ് ഭീകരരെ പിടികൂടിയിരുന്നു. ഭീകരരെ നേതാക്കൾ മതിയായ ചികിത്സ തേടാൻ അനുവദിക്കാതെ കാടിനുള്ളിൽ തന്നെ പാർപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതി സങ്കീർണമായതോടെയാണ് മാവോയിസ്റ്റുകളുടെ കീഴടങ്ങൽ ആരംഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ കീഴടങ്ങുമെന്നാണ് സൂചന.