ഇനി ‘വാക്ക് ഇൻ’ രജിസ്ട്രേഷൻ ; വാക്സിനെടുക്കാൻ മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ നിർബന്ധമില്ല

ന്യൂഡെൽഹി: കൊറോണ​ വാക്​സിൻ സ്വീകരിക്കുന്നതിനായി ഇനി മുൻകൂറായി ‘കോവിൻ’ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘ വാക്ക് ഇൻ’ രജിസ്ട്രേഷൻ എന്ന പേരിലാണ് ഇത് നടപ്പാക്കുക.

രാജ്യത്തെ ​ഗ്രാമീണ മേഖലകളിലടക്കം വാക്​സിനേഷൻ യജ്ഞത്തിന്​ വേഗത പോരെന്ന ആക്ഷേപം മറികടക്കാനാണ്​ ഈ നീക്കം വഴി കേന്ദ്രം ലക്ഷ്യമിടുന്നത്​.

മുൻകൂർ രജിസ്റ്റർ ചെയ്യുകയും സമയം നിശ്ചയിക്കുകയും ചെയ്യാതെ തന്നെ 18 വയസിന്​ മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇനി വാക്​സിനേഷൻ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാം. വാക്​സിനേറ്റർ കേന്ദ്രത്തിൽ നിന്ന്​ തത്സമയം രജിസ്റ്റർ ചെയ്യുന്ന രീതിയിലാണ്​ പുതിയ ക്രമീകരണം.

നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനം ആളുകളെ വാക്​സിനേഷന്​ വിധേയമാക്കിയിട്ടുണ്ട്​. 11 ശതമാനം ആളുകൾ ആദ്യ ഡോസ്​ സ്വീകരിച്ചു.