കൊറോണ ബാധിച്ച് ഗുംല രൂപതാ ബിഷപ് ഡോ.പോൾ അലോയിസ് ലക്ര കാലം ചെയ്തു ; വൈറസ് ബാധിച്ച് കാലംചെയ്ത ഇന്ത്യയിലെ നാലാമത്തെ ബിഷപ്

റാഞ്ചി: കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന ജാർഖണ്ഡിലെ ഗുംല രൂപതാ ബിഷപ്പ് ഡോ.പോൾ അലോയിസ് ലക്ര (65) കാലം ചെയ്തു. ഇന്ന് (ചൊവ്വാ) പുലർച്ചെ 1:30 ന് റാഞ്ചിയിലെ ഓർക്കിഡ് മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം. സംസ്‌കാര ശുശ്രൂഷകൾ നാളെ (ബുധൻ) രാവിലെ 10 ന് ഗുംലയിലെ സെന്റ് പാട്രിക് കത്തീഡ്രലിൽ റാഞ്ചി ആര്‍ച്ച് ബിഷപ്പ് ഫെലിക്സ് ടോപ്പോ എസ്.ജെയുടെ മുഖ്യകാര്‍മ്മികത്വത്തിൽ ആരംഭിക്കും.

കൊറോണ ബാധയെ തുടര്‍ന്നു ഭാരത കത്തോലിക്ക സഭയ്ക്ക് നഷ്ടമായ നാലാമത്തെ ബിഷപ്പാണ് പോൾ അലോയിസ്. കൊറോണ പോസിറ്റീവായ ബിഷപ്പ് പോളിനെ റാഞ്ചിയിലെ മന്ദർ കോൺസ്റ്റന്റ് ലൈവൻസ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്നു മേയ് 17ന് റാഞ്ചിയിലെ ഓർക്കിഡ് മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരിന്നു. വിദഗ്ധ ചികിൽസ ലഭ്യമായെങ്കിലും ബിഷപ് പോളിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

2006 ജനുവരി 28നാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന അദ്ദേഹത്തെ ഗുംലയിലെ രണ്ടാമത്തെ ബിഷപ്പായി അന്‍പതാം വയസ്സിൽ നിയമിച്ചത്.

ഗുംല രൂപതയിലെ നാദിറ്റോലി ഗ്രാമത്തിൽ
1955 ജൂലൈ 11നാണ് പോൾ ലക്രയുടെ ജനനം. ഗുംലയിലെ സെന്റ് പാട്രിക്സ് സ്കൂളിലും തുടർന്ന് സെന്റ് ഇഗ്നേഷ്യസ് ഹൈസ്കൂളിലും കാർട്ടിക് ഒറയോൺ കോളേജിലും അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കി.

1976ൽ റാഞ്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിലെ സെമിനാരിയിൽ പ്രവേശിച്ചു. റാഞ്ചിയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ബിരുദം നേടി (1977-80). തുടർന്ന് തത്ത്വചിന്ത (1980-1983)യില്‍ പഠനം നടത്തി. 1988ൽ റാഞ്ചി അതിരൂപത വൈദികനായി അഭിഷിക്തനായി. 1993 ൽ ഗുംല രൂപതയുടെ രൂപീകരണത്തോടെ രൂപതയിലേക്ക് നിയമിക്കപ്പെട്ട അദ്ദേഹം 2004 ലാണ് രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായത്.