അമേരിക്കയില്‍ മൂന്നിടങ്ങളിൽ വെടിവയ്പ് ; രണ്ടു പേർ മരിച്ചു; , 30 പേര്‍ക്ക് പരിക്ക്

ഓസ്റ്റിന്‍: ഇരു സംഘങ്ങൾ തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്ന് അമേരിക്കയി വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ചിക്കാഗോ, ഓസ്റ്റിന്‍, സാവന്ന എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. അതേസമയം, മൂന്നിടങ്ങളിലും അക്രമികളെ പൊലീസ് പിടികൂടിയിട്ടില്ല.

ചിക്കാഗോയില്‍ നടന്ന വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോഡരികില്‍ നില്‍ക്കുകയായിരുന്ന സംഘത്തിനു നേരെ രണ്ടുപേര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. ശേഷം അക്രമികള്‍ രക്ഷപെടുകയായിരുന്നു.

ഓസ്റ്റിനിലെ സംഭവത്തില്‍ 14 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. ജോര്‍ജിയയിലെ സവന്ന നഗരത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 18 മാസം പ്രായമുള്ള കുഞ്ഞും ഇവിടെ പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. രണ്ട് സംഘങ്ങള്‍ തമ്മിലെ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി.