നെതന്യാഹു പുറത്തേക്ക്; ഇസ്രായേലിനെ നയിക്കാൻ ഇനി നഫ്റ്റലി ബെന്നെറ്റ്

ടെല്‍ അവീവ്: ഇസ്രായേലിൻ്റെ ചരിത്രത്തിലെ ഏറ്റവും ദീർഘകാല പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു നീണ്ട 12 വര്‍ഷത്തെ ഭരണത്തിന് ശേഷം പുറത്തേക്ക്. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ ബെഞ്ചമിന്‍ നെതന്യാഹു പരാജയം സമ്മതിച്ചുവെന്നാണ് സൂചന. ഇസ്രായേലില്‍ പ്രതിപക്ഷ കക്ഷികളുടെ പുതിയ സര്‍ക്കാരാകും ഇനി അധികാരത്തിലേറുക.

തീവ്രദേശീയവാദിയായ നഫ്റ്റലി ബെന്നെറ്റ് വിശ്വാസവോട്ട് നേടുമെന്ന് ഏതാണ്ട് ഉറപ്പായി. മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യായിര്‍ ലാപ്പിഡും നഫ്റ്റലി ബെന്നെറ്റും തമ്മിലുള്ള കരാര്‍ പ്രകാരം അധികാത്തിലേറിയാല്‍ ആദ്യ ഊഴം ബെനറ്റിനായിരിക്കും. 2023 സെപ്റ്റംബര്‍ വരെയാകും ബെന്നറ്റിന്റെ കാലവധി. അത് കഴിഞ്ഞ് ലാപ്പിഡ് ഭരിക്കും. സമൂഹ മാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും നന്ദിയറിച്ചാണ് നെതന്യാഹുവിൻ്റെ പടിയിറക്കം.

അഴിമതി ആരോപണങ്ങളിലടക്കം നിയമനടപടികള്‍ നെതന്യാഹു നേരിടേണ്ടി വരും. നെതന്യാഹു അധികാരമൊഴിയുന്നതോടെ സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡിൻ്റെ നേതാവെന്ന നിലക്ക്​ പ്രതിപക്ഷ നേതൃപദവിയിലേക്ക്​ മാറും. വഞ്ചനയും കീഴടങ്ങലും മുദ്രയാക്കിയ അപകടകരമായ സഖ്യമാണ്​ അധികാരമേറാൻ പോകുന്നതെന്നും അതിവേഗം അവരെ മറിച്ചിടുമെന്നും കഴിഞ്ഞ ദിവസം നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.