തിരുവനന്തപുരം: ലോക്കൽ പർച്ചേസിന് അനുമതി നൽകിയിട്ടും ഗ്ലൗസടക്കം കൊറോണ ചികിത്സാ സാമഗ്രികളുടെയും മരുന്നുകളുടെയും ലഭ്യതക്കുറവിൽ വലയുകയാണ് തലസ്ഥാനത്തെ താലൂക്ക് ആശുപത്രികളും ജില്ലാ ആശുപത്രികളും. ഗ്ലൗസ്, മാസ്ക്ക്, ഗൗൺ എന്നിവയ്ക്കും ആസ്പിരിൻ അടക്കമുള്ള മരുന്നുകൾക്കും രൂക്ഷമായ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്.
എൻ 95 മാസ്ക്ക്, ഗൗൺ, പിപിഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയ സാമഗ്രികൾ, വിറ്റമിൻ, ആസ്പിരിൻ ഫാവിപിനാവിർ അടക്കമുള്ള മരുന്നുകൾ എന്നിവ നൽകുന്നത് ആവശ്യത്തിന് തികയുന്നില്ലെന്നാണ് താലൂക്ക് ആശുപത്രികളിൽ നിന്നുള്ള പരാതി. കൊറോണ – കൊറോണ ഇതര വിഭാഗത്തിൽ 20 ഇനം മരുന്നുകൾക്കും ഗൗൺ, മാസ്ക്, ഗ്ലൗസ് അടക്കം 21 ഇനം സാമഗ്രികൾക്കും ലഭ്യതക്കുറവുണ്ടെന്നാണ് പാറശാല താലൂക്ക് ആശുപത്രിയിൽ നിന്നുള്ള വിവരം.
100ൽ 50 കിടക്കകൾ കൊറോണ ചികിൽസയ്ക്കായി മാറ്റിവെച്ച നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഗ്ലൗസ് ലഭ്യതക്കുറവ് രൂക്ഷം. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും സമാനസ്ഥിതിയാണ്. കൊറോണ സാഹചര്യത്തിൽ ഒപി കുറഞ്ഞതോടെ വരുമാനവും പ്രതിസന്ധിയിലാണ് ആശുപത്രികൾക്ക്.
ആശുപത്രികളിൽ ലോക്കൽ പർച്ചേസിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ആവശ്യത്തിനുള്ളവ ഇപ്പോഴും ലഭിക്കുന്നില്ല. ബാക്കിയുള്ളവ പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനയിലൂടെ കണ്ടെത്തുകയാണ്. ഉൽപാദകരിൽ നിന്ന് ലഭിക്കാത്തതാണ് പ്രതിസന്ധിയെന്നാണ് അധികൃതരെല്ലാം ഒരുപോലെ വിശദീകരിക്കുന്നത്.