കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ ജനാധിപത്യ മൂല്യങ്ങളുമായി യോജിക്കുന്നില്ല:​ യു.എസ്​

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുന്നുവെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ചില നടപടികൾ ജനാധിപത്യ മൂല്യങ്ങളുമായി യോജിക്കുന്നില്ലെന്ന്​ യുഎസ്.

‘ശക്തമായ നിയമവാഴ്ചയും സ്വതന്ത്ര ജുഡീഷ്യറിയുമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുകയാണ്​. അമേരിക്കയുമായി ശക്തവും തന്ത്രപരവുമായ പങ്കാളിത്തമാണ്​ ഇന്ത്യക്കുള്ളത്​. എന്നിരുന്നാലും, സർക്കാറിന്റെ ചില നടപടികൾ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന ആശങ്കകൾ ഉയർത്തിയിട്ടുണ്ട്​.വിദേശകാര്യ ഉപസമിതിയിൽ ഇന്തോ-പസഫിക്കിലെ ജനാധിപത്യത്തെക്കുറിച്ചുള്ള കോൺഗ്രസ് അംഗങ്ങളുടെ യോഗത്തിനിടെയാണ് ദക്ഷിണ, മധ്യേഷ്യ സ്റ്റേറ്റ് ആക്ടിംഗ് അസിസ്റ്റൻറ്​ സെക്രട്ടറി ഡീൻ തോംസൺ ഇക്കാര്യം അറിയിച്ചത്.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലക്ക്​, മനുഷ്യാവകാശ പ്രവർത്തകരെയും പത്രപ്രവർത്തകരെയും തടങ്കലിൽ വെക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ യു.എസ് പതിവായി ഇടപെടുന്നുണ്ട്​’ -തോംസൺ പറഞ്ഞു.

പാകിസ്​താനിലും ബംഗ്ലാദേശിലും മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളെക്കുറിച്ച്‌ അമേരിക്കക്ക്​ ആശങ്കയുണ്ടെന്ന് നിയമനിർമാതാക്കളുടെ ചോദ്യത്തിന് മറുപടിയായി തോംസൺ പറഞ്ഞു. ‘അതുപോലെ, ചില സമയങ്ങളിൽ ഇന്ത്യയിലും ഇത്​ സംഭവിക്കുന്നു. എന്നിരുന്നാലും ഇന്ത്യയിൽ മൊത്തത്തിൽ ഊർജ്ജസ്വലമായ മാധ്യമപ്രവർത്തനവും സർക്കാറിനെക്കുറിച്ച്‌ വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നു’ -തോംസൺ കൂട്ടിച്ചേർത്തു.