വാക്സിനേഷന്​ വിസമ്മതിച്ചാൽ സിം കാർഡ്​ ബ്ലോക്ക്​ ചെയ്യും

ഇസ്​ലാമാബാദ്​: പാകിസ്​ഥാനിലെ പഞ്ചാബ്​ പ്രവിശ്യയുടെ സർക്കാർ വാക്​സിനെടുക്കാൻ വിസമ്മതിക്കുന്നവർക്ക് നേരെ​ ഭീഷണിയുമായി രം​ഗത്ത്. വാക്​സിൻ കുത്തിവെക്കാൻ തയാറാവാത്തവരുടെ സിം കാർഡുകൾ ബ്ലോക്ക്​ ചെയ്യുമെന്നാണ്​ സർക്കാർ അറിയിച്ചത്​.

”പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിൽ ആളുകൾ വളരെ മടി കാണിക്കുകയാണെന്നും അതിനാലാണ്​ ഇത്തരം കടുത്ത തീരുമാനമെടുത്തതെന്നും” സർക്കാർ വക്താവ് വ്യക്​തമാക്കി. പഞ്ചാബ്​ ആരോഗ്യ മന്ത്രി ഡോ. യാസ്​മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ്​ തീരുമാനമായത്​.

കുത്തിവെപ്പിന്​ വിസമ്മതിക്കുന്ന സിവിൽ തൊഴിലാളികൾക്ക്​ ജൂലൈ മുതൽ ശമ്പളം നൽകില്ലെന്ന്​ സിന്ധ് പ്രവിശ്യയിലെ അധികൃതർ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ പഞ്ചാബിൽ നിന്നുള്ള അറിയിപ്പ്​.

വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി കടുത്ത പരിശ്രമം നടത്തുന്നുണ്ടെങ്കിലും പാക്കിസ്താനിൽ ഫസ്റ്റ്​ ഡോസ്​ വാക്​സിനെടുത്ത മൂന്ന്​ ലക്ഷത്തിലധികം ആളുകൾ രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ വരാതിരുന്നത്​ വലിയ പ്രതിസന്ധിയാണ്​ സൃഷ്​ടിച്ചിരിക്കുന്നത്​.