മ്യാൻമറിൽ ഓങ്‌സാൻ സൂച്ചിയ്‌ക്കെതിരെ അഴിമതി കുറ്റങ്ങൾ ചുമത്തി പട്ടാളഭരണകൂടം

നെയ്പിറ്റോ: മ്യാൻമറിൽ ഓങ്‌സാൻ സൂച്ചിയ്‌ക്കെതിരെ അഴിമതി കുറ്റങ്ങൾ ചുമത്തി പട്ടാളഭരണകൂടം. മില്ല്യൺ ഡോളറും പതിനൊന്ന് കിലോഗ്രം സ്വർണ്ണവും സൂച്ചി അനധികൃതമായി സ്വീകരിച്ചെന്നാണ് കുറ്റപത്രത്തിൽ വിശദമാക്കുന്നത്. മ്യാൻമറിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ന്യൂ ലൈറ്റാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അനധികൃതമായി പണവും സ്വർണ്ണവും സ്വീകരിച്ചെന്നാണ് മുൻഭരണാധികാരിയും നോബേൽ ജേതാവുമായ സൂച്ചിക്കെതിരെ ചാർത്തപ്പെട്ട കുറ്റം.

സൂച്ചിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ അഴിമതി വിരുദ്ധനിയമപ്രകാരം നിലനില്ക്കുന്നതാണെന്നും പട്ടാളഭരണകൂടം വ്യക്തമാക്കി. സൂച്ചിയ്ക്കുനേരെ രാജ്യദ്രോഹകുറ്റം, രഹസ്യ നിയമം ഭേദിക്കൽ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സൂച്ചി അധികാരദുർവിനിയോഗത്തിലൂടെ അഴിമതി നടത്തിയതായി അഴിമതി ബ്യൂറോ കണ്ടെത്തിയതായാണ് പട്ടാളഭരണകൂടം ആരോപിക്കുന്നത്.

യാഗ്യാൻ സംസ്ഥാനത്തിലെ മുൻ മുഖ്യമന്ത്രി സൂച്ചിയ്‌ക്കെതിരെ നടത്തിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സൂച്ചി തന്നിൽ നിന്നും അരമില്ല്യൻ ഡോളറും പതിനൊന്ന് കിലോഗ്രാം സ്വർണ്ണവും സ്വീകരിച്ചെന്നായിരുന്നു ആരോപണം.

ഫെബ്രുവരിയിലെ പട്ടാളഅട്ടമറിയ്ക്ക് ശേഷം ആദ്യമായി കഴിഞ്ഞമാസമാണ് സ്യൂച്ചിയെ വിചാരണയ്ക്കു വേണ്ടി ഒരു പൊതുഇടത്തിൽ എത്തിക്കുന്നത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് പട്ടാളം ജനാധിപത്യ സർക്കാറിനെ അട്ടിമറിക്കുകയായിരുന്നു. തുടർന്ന് പട്ടാളഭരണകൂടം സൂച്ചിയെ തടവിലാക്കുകയും അധികാരം പിടിച്ചെടുക്കുയുമായിരുന്നു.