അമേരിക്കയിൽ അനധികൃതമായി കുടിയേറിയവർക്ക് ഗ്രീന്‍കാര്‍ഡിന് അർഹതയില്ല ; സുപ്രീം കോടതി

ന്യൂജേഴ്സി: അമേരിക്കയില്‍ അനധികൃതമായി കുടിയേറി അഭയം ലഭിച്ച 400,00 പേര്‍ക്ക് താല്‍ക്കാലിക സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ ഭരണഘടനാവ്യവസ്ഥയനുസരിച്ച്‌ ഇവര്‍ക്കാര്‍ക്കും ഗ്രീന്‍കാര്‍ഡിന് അര്‍ഹതയില്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി. സ്വന്തം രാജ്യത്തില്‍ നിന്ന് അഭ്യന്തര കലാപത്തിന്റേയും, ഭീഷണിയുടെയും സാഹചര്യത്തില്‍ അമേരിക്കയില്‍ അഭയം നല്‍കിയവര്‍ക്ക് ടെംപററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് നല്‍കിയിരുന്നു. ഇതില്‍ പലരും അമേരിക്കയില്‍ സ്ഥിര താമസത്തിന് അപേക്ഷിച്ചു.

പലരും നിയമവിരുദ്ധമായി അമേരിക്കയില്‍ പ്രവേശിച്ചതാണ്. സാല്‍വഡോറില്‍ നിന്ന് അഭയാര്‍ഥികളായി ന്യൂജേഴ്‌സിയില്‍ എത്തി 20 വര്‍ഷമായി താമസിക്കുന്ന ദമ്പതിമാരായ ഹൊസെ സാന്റോസ് സാഞ്ചസ്, ഭാര്യ സോണിയാ ഗോണ്‍സാലസ് എന്നിവര്‍ക്ക് റ്റിപിഎസ് സ്റ്റാറ്റസ് ഉണ്ടായിരുന്നുവെങ്കിലും, ഗ്രീന്‍ കാര്‍ഡ് നിരസിക്കപ്പെട്ടു. ഇത് അവര്‍ കോടതിയില്‍ ചോദ്യം ചെയ്തതിനെ തുടർന്നാണ് കോടതി വിധി.