മാഡ്രിഡ്: തികച്ചും വ്യത്യസ്തമായ ഒരു പ്രതിഷേധം അരങ്ങേറുകയാണ് സ്പെയിനിൽ. ദിവസങ്ങൾ ഏറെയായി സമൂഹമാധ്യമങ്ങളിൽ പലയിടത്തും പാവാട ധരിച്ച ആൺകുട്ടികളുടേയും അധ്യാപകരുടേയുമൊക്കെ ചിത്രങ്ങൾ പലരും കണ്ടു കാണും. എന്നാൽ ഈ വസ്ത്രധാരണം തമാശയോ അഭിനയമോ ഒന്നമുല്ല. മറിച്ചൊരു പ്രതിഷേധമാണ്. ലിംഗ വിവേചനത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം.
കഴിഞ്ഞ വർഷം ഒക്ടബോറിൽ ആയിരുന്നു സംഭവങ്ങളുടെ എല്ലാം തുടക്കം. അന്ന് മൈക്കിൾ ഗോമസ് എന്ന ഒരു വിദ്യാർത്ഥി തന്റെ സ്കൂളിൽ പാവാട ധരിച്ചെത്തി. എന്നാൽ കുട്ടിക്ക് മാനസികപ്രശ്നമാണെന്ന് പറഞ്ഞ് കൗൺസിലിംഗും മറ്റും നൽകുകയാണുണ്ടായത്. ഒടുവിൽ താൻ പാവട ധരിച്ചെത്തിയതിന്റെ കാരണം വീഡിയോകളിലൂടെ ഈ കുട്ടി തന്നെ പുറത്തുവിട്ടിരുന്നു. ലിംഗഭേദം അനുസരിച്ച് സ്പെയിനിൽ നടമാടുന്ന സാമൂഹിക സദാചാരത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു ആ വസ്ത്രധാരണത്തിലൂടെ.
പിന്നീട് ഈ പ്രതിഷേധം കൂടുതൽ ശക്തമായി തുടങ്ങി. ഇപ്പോഴിതാ ചില അധ്യാപകരും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സ്കൂളുകളിൽ പാവാട ധരിച്ചെത്തി. നിരവധി അധ്യാപകർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഫലമായി പല സ്കൂളുകളിലും ലിംഗനീതി എന്നൊരു വിഷയം തന്നെ വിദ്യാർത്ഥികൾക്കായി ഉൾപ്പെടുത്തുകയും ചെയ്തു.