മിഷിഗൺ: ലോട്ടറി അടിച്ചതിൻ്റെ സന്തോഷത്തിൽ സുബോധം നഷ്ടപ്പെട്ട സംഭവങ്ങൾ ഏറെ. എന്നാൽ ഇത് തീർത്തും വ്യത്യസ്ഥമാണ്. കിലുക്കം സിനിമയിലെ കിട്ടുണ്ണി ഏട്ടന് ലോട്ടറി അടിച്ച സംഭവം എത്ര കണ്ടാലും കേട്ടാലും മതിയാവാത്ത കോമഡി രംഗമാണ്. എന്നാൽ അതിൽ കിട്ടുണ്ണിക്ക് ലോട്ടറി അടിച്ചിട്ടില്ല, പാവത്തെ പറ്റിച്ച് കളയുകയായിരുന്നു. ഇപ്പോൾ ഇതാ പത്ത് ലക്ഷം ഡോളർ ലോട്ടറി അടിച്ച ഒരു പാവം സന്തോഷത്തിൽ മതിമറന്ന് ചെയ്തത് കുറച്ച് കടന്ന കൈയായി പോയി എന്ന് വേണം കരുതാൻ.
യാത്രക്കിടയിലാണ് ഗെന്നസി കൗണ്ടി സ്വദേശിയായ 59കാരൻ ഫെൻ്റണിലെ സ്പീഡി ഗ്യാസ് സ്റ്റേഷനിൽ ഇന്ധനം നിറയ്ക്കാനായി തൻ്റെ കാർ നിർത്തിയത്. ചെറുപ്പത്തിലെ തന്നെ ലോട്ടറി ഭ്രമം ലേശം തലയ്ക്ക് പിടിച്ച കഥാനായകൻ ഗ്യാസ് സ്റ്റേഷനിൽ നിന്ന് വിന്നിങ് മില്ല്യൺസ് ഗെയിമിൻ്റെ പത്ത് ലക്ഷം ഡോളറിൻ്റെ സ്ക്രാച്ച് ആൻഡ് വിൻ ജാക്ക്പോക്ക് ടിക്കറ്റ് എടുത്തു. തുടർന്ന് ഇന്ധനം നിറക്കുന്നതിനിടയിൽ കയ്യിൽ ഇരുന്ന ലോട്ടറി പതിയെ ചുരണ്ടി നോക്കി.
ലോട്ടറിയിൽ കിട്ടിയ 14 എന്ന അക്കമാണ് ചുരണ്ടിയത്. വിശ്വസിക്കാൻ പോലും ആവാതെ നമ്പർ മാറ്റിയപ്പോൾ തെളിഞ്ഞ് വന്നത് പത്ത് ലക്ഷം ഡോളറാണ്. പിന്നെ അവിടെ കിടന്ന് സന്തോഷത്തിലുള്ള ഒച്ചപാടും ബഹളവുമായിരുന്നു. ഈ സന്തോഷത്തിൽ തൻ്റെ വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നുണ്ടെന്ന കാര്യം ഭാഗ്യവാൻ മറന്ന് പോയി.
പെട്ടന്ന് തന്നെ വാഹനം സ്റ്റാർട്ടാക്കി ഇയാൾ പോവുകയും ചെയ്തു. എന്നാൽ തൻ്റെ കാറിനൊപ്പം ഗ്യാസ് പമ്പും ഉണ്ടെന്ന വിവരം അറിയാതെ ആയിരുന്നു അയാൾ വാഹനം മുന്നോട്ട് എടുത്തത്. എന്നാൽ ഭാഗ്യംകൊണ്ട് തീപിടുത്തമോ മറ്റ് അപകടങ്ങളോ സംഭവിച്ചില്ല.
നിലത്ത് കിടന്ന് ഗ്യാസ് പമ്പ് ഉരയുന്നതൊന്നും ഭാഗ്യവാൻ കേട്ടുമില്ല, കണ്ടുമില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് അയാൾ രക്ഷപ്പെട്ടതെന്ന് ഇന്ധനം നിറയ്ക്കാനെത്തിയ മറ്റു യാത്രികർ പറഞ്ഞു. വീട്ടിലെത്തിയ ശേഷമാണ് വാഹനത്തിനൊപ്പം ഗ്യസ് പമ്പും ഉണ്ടായിരുന്നുവെന്ന് ഭാഗ്യവാന് മനസിലായത്.