നൈജീരിയന്‍ ഭീകര സംഘടന ബൊക്കോഹറാം തലവന്‍ കൊല്ലപ്പെട്ടു

അബുജ: നൈജീരിയന്‍ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവന്‍ അബൂബക്കര്‍ സെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് ആണ് സെഖാവോ കൊല്ലപ്പെട്ടതായുള്ള ഓഡിയോ സന്ദേശം പുറത്ത് വിട്ടത്. ഐഎസ്ഡബ്ല്യുഎപിയും ബൊക്കോ ഹറാമും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് സെഖാവോ കൊല്ലപ്പെട്ടതായാണ് ശബ്ദരേഖയില്‍ പറയുന്നത്.

ഐഎസ്ഡബ്ല്യുഎപി നേതാവ് അബു മുസാബ് അല്‍ ബര്‍ണവിയുടേതാണ് ഓഡിയോ സന്ദേശം എന്ന് കരുതുന്നു. ബോംബ് പൊട്ടിത്തെറിച്ചാണ് മരിച്ചതെന്നു സന്ദേശത്തില്‍ പറയുന്നത്. അതേസമയം, പരാജയ
ഭീതിയെ തുടര്‍ന്ന് സ്‌ഫോടന വസ്തു പൊട്ടിച്ച് അബൂബക്കര്‍ സെഖാവോ സ്വയം ജീവനൊടുക്കിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നൈജീരിയന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും അബൂബക്കര്‍ സെഖാവോ കൊല്ലപ്പെട്ടതായി പറയുന്നു. 2014ല്‍ നൈജീരിയയിലെ 270 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണു ബൊക്കോ ഹറാം കുപ്രസിദ്ധി നേടിയത്. 100 ഓളം പെണ്‍കുട്ടികളെ ഇപ്പോഴുംകണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 30,000 ത്തില്‍ കൂടുതല്‍ പേരാണ് ഇതിനോടകം ഭീകരസംഘടനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.