വീണ്ടും പ്രസിഡന്റായാൽ സുക്കർബർഗിനെ വിരുന്നിന് ക്ഷണിക്കില്ല: ട്രംപ്

വാഷിംഗ്ടൺ: തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ 2024 ൽ വീണ്ടും യു.എസ് പ്രസിഡൻറായാൽ വൈറ്റ് ഹൗസിൽ സംഘടിപ്പിക്കുന്ന വിരുന്നിലേക്ക് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിനെ ക്ഷണിക്കില്ലെന്ന് ഡോണൾഡ് ട്രംപ്. രണ്ട് വർഷത്തേക്ക് ട്രംപിനെ ഫേസ്ബുക് വിലക്കിയതിന് പിന്നാലെയാണ് പ്രതികരണം. 2023 ജനുവരിയിൽ മാത്രമേ ട്രംപിൻ്റെ വിലക്ക് നീക്കൂവെന്നാണ് ഫേസ്ബുക് അറിയിച്ചത്.

അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ പരാജയ​പ്പെട്ടതിന്​ പിന്നാലെ ഭരണസിരാകേന്ദ്രമായ കാപിറ്റോളിൽ അതിക്രമം അഴിച്ചുവിടാൻ പ്രേരിപ്പിച്ച്‌​ പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ ജനുവരിയിൽ അനിശ്​ചിത കാലത്തേക്ക്​ സമൂഹ മാധ്യമങ്ങളിൽ ട്രംപിന് വിലക്ക്​ ഏർപ്പെടുത്തിയത്. സമയം നിശ്​ചയിക്കാത്ത വിലക്കിനെതിരെ ഫേസ്​ബുക്ക്​ ​ഓവർസൈറ്റ്​ ബോർഡ്​ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ്​ രണ്ടു വർഷത്തേക്ക്​ വിലക്കാൻ തീരുമാനമെടുത്തത്​.

ജനുവരി ഏഴിന്​ ആദ്യമായി വിലക്കുവീണതു മുതൽ രണ്ടു വർഷത്തേക്കാണ്​ നിലനിൽക്കുക. അതുകഴിഞ്ഞ്​ ട്രംപ് തിരിച്ചുവന്നാലും കടുത്ത നിയന്ത്രണ​ങ്ങൾ ഏർപ്പെടുത്തുമെന്നാണ് പ്രചാരണം.

ഓഗസ്റ്റ് മാസത്തോടെ പ്രസിഡൻറ് സ്ഥാനത്തേക്ക് മടങ്ങിവരാനോ, അല്ലെങ്കിൽ 2024ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കാനോ സാധിക്കുമെന്ന പ്രതീക്ഷ ട്രംപിനുണ്ടെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന് ട്രംപ് പരാതിപ്പെട്ടിരുന്നു.

ട്രംപിനെ നേരിയ വ്യത്യാസത്തിൽ തോൽപിച്ച അരിസോണ സംസ്ഥാനത്ത് റീ കൗണ്ടിങ് പുരോഗമിക്കുകയാണ്. പെൻസിൽവാനിയായിലും റീകൗണ്ടിങ്ങിനുള്ള നടപടികൾ ആലോചിച്ചു വരുന്നു. ഓഗസ്റ്റോടെ കൗണ്ടിങ് പൂർത്തിയായാൽ രണ്ടു സംസ്ഥാനങ്ങളും ലഭിക്കുമെന്ന് സൂചനയുണ്ട്.