കൊറോണ രോ​ഗികൾക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിത്സ; കുവൈറ്റ് ആരോഗ്യ മന്ത്രാലയം അനുമതി നൽകി

കുവൈറ്റ്: കൊറോണ രോഗികൾക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിത്സ നൽകാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി.

സൊട്രോവിമാബ് ചികിത്സയിലൂടെ കൊറോണ ഗുരുതരാവസ്ഥയിലെത്തുന്നതും മരണനിരക്കും 85% കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശ്വേതരക്താണുക്കൾ ക്ലോൺ ചെയ്ത് നിർമിക്കുന്ന മോണോക്ലോണൽ ആന്റിബോഡിയാണ് സൊട്രോവിമാബ്.

12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള രോഗികൾക്ക് ഈ മരുന്ന് നൽകുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണ വിഭാഗം അധികൃതർ അറിയിച്ചു.

65 വയസ്സിന് മുകളിലുള്ള രോഗികൾക്കും ഈ മരുന്ന് സുരക്ഷിതമാണെങ്കിലും ഓക്‌സിജൻ ആവശ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് ഇത് നൽകില്ല.