‘കൊറോണ വൈറസ് വന്നത് വുഹാന്‍ ലാബില്‍ നിന്ന് തന്നെ’; തന്റെ പ്രസ്താവന ശരിയെന്ന് ആവര്‍ത്തിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ലോകത്തെ നടുക്കിയ മഹാമാരി കൊറോണ വൈറസിന്റെ ഉത്ഭവം ചൈനിലെ വുഹാന്‍ ലാബ് തന്നെയാണെന്ന പ്രസ്താവന ആവര്‍ത്തിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ പ്രസ്താനയെ ഒരിക്കല്‍ എല്ലാവരും ശരിവയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നാണ് പുറത്ത് വന്നത് എന്ന് താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ ശത്രുവായി കണ്ടു, അങ്ങിനെ കരുതിയവര്‍ പോലും ഇപ്പോള്‍ നിലപാട് തിരുത്തുകയാണെന്നും ട്രംപ് പറഞ്ഞു.

വൈറസിന്റെ ഉറവിടം വുഹാന്‍ ലാബാണെന്നുള്ള വാദം നിരാകരിക്കാന്‍ പറ്റില്ലെന്ന അമേരിക്കയുടെ ഉന്നത ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയുടെ ഇമെയില്‍ സന്ദേശങ്ങളെ തുടര്‍ന്നാണ് ട്രംപ് തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നത്.

വുഹാന്‍ ലാബില്‍ നിന്ന് പുറത്തായ വൈറസാണ് ലോകത്തെ തകര്‍ത്തതെന്നും ഇതേതുടര്‍ന്ന് ലോകത്താകമാനം ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ചൈനയ്ക്കെതിരെ പിഴ ചുമത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് പേരുടെ മരണത്തിന് ഉത്തരവാദി ചൈനയാണെന്നും അദ്ദേഹം ആരോപിച്ചു.

കൊറോണ വൈറസ് വിഷയത്തില്‍ ഇതാദ്യമായല്ല ചൈനയക്ക് എതിരെ ട്രംപ് വിമര്‍ശനം ഉന്നയിക്കുന്നത്. പ്രസിഡന്റായിരുന്ന സമയത്തും അദ്ദേഹം കൊറോണ വിഷയത്തില്‍ ചൈനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊറോണയെ ചൈന വൈറസ് എന്ന് വിളിച്ചതും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചൈനയുമായുള്ള വാക്ക്‌പോരിന് കാരണമാകുകയും ചെയ്തിരുന്നു.