വാക്‌സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റേയും മുഴുവന്‍ കണക്കുകളും വേണം; ഇനിയും മൂകസാക്ഷിയാകാന്‍ കഴിയില്ല; വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ ഇനിയും മൂക സാക്ഷിയായിരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. വാക്‌സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി വാക്സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു.

18മുതല്‍ 44 വയസ് വരെയുള്ളവരുടെ വാക്‌സിന്‍ വിതരണം സൗജന്യമാക്കാന്‍ കഴിയില്ലെന്ന കേന്ദ്ര നയം ഏകപക്ഷീയവും സ്വേഛാപരവും ആണെന്ന് കോടതി വിമര്‍ശിച്ചു. വാക്സിന് വിലയീടാക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് തന്നിഷ്ടപ്രകാരമുള്ള നടപടിയാണെന്നും കോടതി പറഞ്ഞു.

18- 44 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്ന് മാത്രമല്ല, ആശുപത്രി പ്രവേശനം, മരണം എന്നിവയുള്‍പ്പെടെ വൈറസ് ബാധയുടെ എല്ലാ പ്രത്യാഘാതങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ ജനിതക മാറ്റം വരുന്ന സ്വഭാവം മൂലം ഈ പ്രായപരിധിയിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കേണ്ട സാഹചര്യമാണ്.ശാസ്ത്രീയാടിസ്ഥാനത്തില്‍ വ്യത്യസ്ത പ്രായവിഭാഗങ്ങള്‍ക്കിടയില്‍ മുന്‍ഗണന നിലനിര്‍ത്താമെന്നും കോടതി പറഞ്ഞു.

പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഭരണകൂട നയങ്ങള്‍ മൂലം ലംഘിക്കപ്പെടുമ്പോള്‍ കോടതികള്‍ക്ക് മൂകസാക്ഷിയായി കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. ഇത്പരിശോധിക്കാന്‍ സൗജന്യ വാക്സിന്‍ വിതരണത്തില്‍ സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.