കൊറോണയ്ക്കു പിന്നാലെ പക്ഷിപ്പനിയും; ആദ്യമായി മനുഷ്യനിൽ കണ്ടെത്തി

ബീജിംഗ്: കൊറോണ മഹാമാരിയ്ക്ക് പിന്നാലെ ഇപ്പോഴിതാ മ‌റ്റൊരു വൈറസ് ബാധ ചൈനയിൽനിന്ന് കണ്ടെത്തിയിരിക്കുന്നു. എച്ച്‌10എൻ3 ഇൻഫ്ളുവൻസ എന്ന പ്രത്യേകതരം പക്ഷിപ്പനിയാണ് ആദ്യമായി മനുഷ്യനിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. രാജ്യത്തെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിൽ 41കാരനാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനി മനുഷ്യന് കണ്ടെത്തുന്നത്. ദേശീയ ആരോഗ്യ കമ്മിഷൻ (എൻ.എച്ച്‌.സി) ഇക്കാര്യം സ്ഥിരീകരിച്ചു.

പനിയും മ‌റ്റ് അസുഖങ്ങളുമായി ഏപ്രിൽ 28നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേയ് 28നാണ് പക്ഷിപ്പനിയെന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ സ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടതായും വൈകാതെ ആശുപത്രി വിടാനാകുമെന്നുമാണ് വിവരം.

ചൈനയിലെ വളർത്ത് താറാവുകളിൽ 2012ലാണ് രോഗം കണ്ടെത്തിയത്. ഇവ എലികളിൽ അതീവ ഗുരുതരമാകാറുണ്ട്. വാത്തകൾ, വളർത്തുനായ്‌ക്കൾ എന്നിവയിലും രോഗാണുക്കൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരിൽ ആദ്യമാണ്. മനുഷ്യർക്ക് രോഗം ഗുരുതരമാകാനുള‌ള സാധ്യത കുറവാണ്. രോഗബാധിതനായ ആളുമായി സമ്പർക്കം വന്നവരെ നിരീക്ഷിച്ചെങ്കിലും ഇവർക്ക് രോഗമില്ല. അതിനാൽ പടർന്നുപിടിക്കും എന്ന് ആശങ്ക വേണ്ടെന്ന് മെഡിക്കൽ വിദഗ്ദ്ധർ പറയുന്നു.

മുമ്പും പലതരം പക്ഷിപ്പനി വകഭേദങ്ങൾ ചൈനയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എന്നാൽ അവ മനുഷ്യരിൽ കണ്ടെത്തുക വിരളമാണ്. എച്ച്‌5എൻ8 എന്ന ഇൻഫ്ളുഎൻസ എ വൈറസിന്റെ വകഭേദമാണ് പക്ഷിപ്പനി എന്നറിയപ്പെടുന്നത്. ഇത് പക്ഷികളെ വ്യാപകമായി കൊന്നൊടുക്കിയെങ്കിലും മനുഷ്യരിൽ ബാധിച്ചിരുന്നില്ല. വളർത്തുപക്ഷികളെയാണ് പ്രധാനമായും രോഗം ബാധിച്ചത്.