ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ നിരവധി ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീംകോടതി. വ്യത്യസ്ത പ്രായപരിധിയിലുള്ളവർക്കുള്ള വാക്സിൻ വിതരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഗ്രാമപ്രദേശങ്ങളിലുള്ളവർ കോവിൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ എങ്ങനെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് ചോദിച്ചു.
വാക്സിന് കോവിൻ ആപ്പിൽ രജിസ്ട്രേഷൻ നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട് നയമുണ്ടാക്കുന്നവർക്ക് നാടിനെ കുറിച്ച് ബോധ്യം വേണമെന്നും കോടതി വിമർശിച്ചു. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഈ വർഷം അവസാനത്തോടെ രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാവുമെന്നാണ് കരുതുന്നതെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് വിവിധ ആശങ്കകൾ കോടതി ഉന്നയിച്ചത്.