യുകെയിൽ കൊറോണ വൈറസിന്റെ മൂന്നാം തരംഗം തുടങ്ങി; നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തരുതെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്​

ലണ്ടൻ: കൊറോണ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്താനുള്ള തീരുമാനം പുറത്ത്​ വന്നതിന്​ ​ പിന്നാലെ യു.കെയിൽ കൊറോണ വൈറസിന്റെ മൂന്നാം തരംഗം തുടങ്ങിയെന്ന്​ മുന്നറിയിപ്പ്​. ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസ്​ വകേഭദം യുകെയിൽ മൂന്നാം തരംഗത്തിന്​ കാരണമാവുമെന്നാണ്​ ആശങ്ക.

കുറഞ്ഞ എണ്ണം രോഗികളുമായാണ്​ കൊറോണ വൈറസിന്റെ എല്ലാ തരംഗവും ആരംഭിക്കുക. പിന്നീട്​ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്​ ചെയ്യുക. മൂന്നാം തരംഗത്തിൻ്റെ സൂചനകളാണ്​ പ്രകടമാവുന്നതെന്ന്​ യുകെയിലെ ശാസ്​ത്രജ്ഞർ മുന്നറിയിപ്പ്​ നൽകുന്നു.

പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ്റെ ശാസ്​ത്ര ഉപദേഷ്​ടാവാണ്​ ഇതുസംബന്ധിച്ച മുന്നറിയിപ്പ്​ നൽകിയത്​. ​ജൂൺ 21 മുതൽ കൊറോണ​ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്താൻ യു.കെ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇത്​ നീട്ടിവെക്കണമെന്നാണ്​ ശാസ്​ത്രജ്ഞർ ആവശ്യപ്പെടുന്നത്​.

കഴിഞ്ഞ അഞ്ച്​ ദിവസമായി 3000ത്തിലധികം കൊറോണ​ കേസുകളാണ്​ യുകെയിൽ റിപ്പോർട്ട്​ ചെയ്യുന്നത്​. ഏപ്രിൽ 12ന്​ ശേഷം ഇതാദ്യമായാണ്​ ഇത്രത്തോളം പേർക്ക്​ രോ​ഗം​ ബാധിക്കുന്നത്​.