ഇറക്കുമതി ചെയ്യുന്ന കൊറോണ ദുരിതാശ്വാസ വസ്തുക്കൾക്ക് ജിഎസ്ടി ഇളവ്

ന്യൂഡെൽഹി; ഇറക്കുമതി ചെയ്യുന്ന കൊറോണ ദുരിതാശ്വാസ വസ്തുക്കൾക്ക് ജിഎസ്ടി ഇളവ് നൽകാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഓ​ഗസ്റ്റ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസിന് എതിരെയുള്ള മരുന്നിനും ഇളവുണ്ട്. ജിഎസ്ടി കൗൺസിൽ യോ​ഗത്തിന് ശേഷമാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

കൊറോണ വാക്സീൻ്റെ നികുതിയിളവ് സംബന്ധിച്ചു ജൂൺ എട്ടോടെ തീരുമാനമുണ്ടാകും. കൊറോണ ചികിത്സക്കായുള്ള ഉപകരണങ്ങളുടെ നിരക്കിൽ ഇളവ് വേണമോയെന്നത് തീരുമാനിക്കാൻ മന്ത്രിതല സമിതി രൂപീകരിച്ചു. കൂടുതൽ നിരക്ക് ഇളവുകൾ ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. പത്ത് ദിവസത്തിനകം സമിതി റിപ്പോർട്ട് നൽകുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു.

ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്ടി കൗൺസിൽ ചേരുന്നത്. 2021-22 സാമ്പത്തിക വർഷത്തെ ആദ്യത്തെ യോ​ഗമാണ്. ഇന്നത്തെ യോ​ഗത്തിൽ നിരവധി കാര്യങ്ങളിൽ തീരുമാനമായെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾക്കും മരുന്നുകൾക്കും ഉൾപ്പടെയുള്ളവയുടെ ജിഎസ്ടി നിരക്ക് കുറക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു