ജോൺസൺ ആൻഡ് ജോൺസൻ്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി നൽകി ബ്രിട്ടൻ

ലണ്ടൻ: ജോൺസൺ ആൻഡ് ജോൺസൺ നിർമ്മിച്ച ഒറ്റ ഡോസ് കൊറോണ വാക്‌സിന് അനുമതി നൽകി ബ്രിട്ടൻ. മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജൻസിയാണ് ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി നൽകിയത്. രാജ്യത്തെ വാക്‌സിനേഷൻ വേഗത്തിലാകുമെന്നും വൈകാതെ പഴയ സ്ഥിതിയിലേക്ക് എത്താമെന്നുമാണ് കണക്കുകൂട്ടൽ.

നാലാമത്തെ കൊറോണ വാക്‌സിനാണ് ബ്രിട്ടൻ അനുമതി നൽകിയത്. നേരത്തെ ഫൈസർ, ആസ്ട്ര സെനക, മൊഡേണ വാക്‌സിനുകൾക്ക് ബ്രിട്ടൻ അനുമതി നൽകിയിരുന്നു. വൈറസിനെതിരെ ജോൺസൺ ആൻഡ് ജോൺസൺ ഒറ്റ ഡോസ് വാക്‌സീൻ 72 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ തെളിഞ്ഞിരുന്നു. എന്നാൽ ഈ വാക്‌സീൻ സ്വീകരിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലറ്റ് കുറയുന്നതിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകണമെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി നിർദേശം നൽകി.

ഒറ്റ ഡോസ് വാക്‌സീനെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാഗതം ചെയ്തു. കൊറോണവൈറസിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഒറ്റ ഡോസ് വാക്‌സീൻ ഗുണം ചെയ്യുമെന്നും എല്ലാവരും വാക്‌സിനെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും വലിയ വാക്‌സിനേഷൻ പ്രക്രിയയാണ് നടക്കുന്നതെന്നും വാക്‌സിനേഷൻ ഇതുവരെ 13,000 പേരുടെ ജീവൻ രക്ഷിച്ചെന്നും ബ്രിട്ടൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് പറഞ്ഞു.