രാത്രി മാസ്​ക്​ ധരിക്കാത്ത യുവാവിന്‍റെ കൈകാലുകളില്‍ പൊലീസ്​ ആണിയടിച്ച്‌​ കയറ്റി; പരാതിയുമായി മാതാവ്

ലക്നൗ : മൂന്ന് പൊലീസുകാര്‍ വന്ന് മകനെ കൂട്ടിക്കൊണ്ടുപോയി മാസ്‌ക് ധരിക്കാത്തതിന് യുവാവിന്‍റെ കൈകാലുകളില്‍ ആണിയടിച്ചു കയറ്റിയെന്നാണ് മാതാവിന്‍റെ പരാതി.

ഉത്തര്‍പ്രദേശിലെ ബറേലിയിലാണ്​ സംഭവം. മകനെ അന്വേഷിച്ച്‌ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെയില്ലെന്ന മറുപടി, പിന്നീട് ഏറെ നേരത്തെ തിരച്ചിലിന് ശേഷം ഗുരുതരമായി പരിക്കേറ്റ നിലയില്‍ മകനെ കണ്ടെത്തുകയായിരുന്നു.കൈകാലുകളില്‍ ആണി അടിച്ചുകയറ്റിയ അവസ്ഥയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ആക്രിസാധനങ്ങള്‍ പെറുക്കി വിറ്റാണ്​ തന്‍റെ മകന്‍ ജീവിക്കുന്നതെന്നും രാത്രി പണി കഴിഞ്ഞ്​ വരുമ്പോൾ പൊലീസുകാര്‍ തടയുകയും മാസ്​ക്​ ധരിക്കാത്തതിന്​ മര്‍ദിക്കുകയുമായിരുന്നുവെന്നും മാതാവ് പറയുന്നു.

‘അവനെ വടി​ കൊണ്ട്​ തല്ലുകയും ​കൈകാലുകളില്‍ ആണി അടിച്ച്‌​ കയറ്റുകയും ചെയ്തു. ചെവിയില്‍ നിന്ന്​ ചോരയും ഒഴുകുന്നുണ്ടായിരുന്നു. ഇതിനെതിരെ പരാതി നല്‍കാന്‍ ​പൊലീസ്​ സ്​റ്റേഷനില്‍ പോയപ്പോള്‍ മകനെ അറസ്റ്റ്​ ചെയ്യുമെന്ന്​ ഉദ്യോഗസ്​ഥര്‍ ഭീഷണിപ്പെടുത്തി’ -മാതാവ്​ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഇവര്‍ പൊലീസിന്‍റെ ക്രൂരതക്കെതിരെ പരാതി നല്‍കുന്നത്​. അതേസമയം, ആരോപണങ്ങള്‍ തെറ്റാണെന്ന്​ എസ്​.പി രോഹിത്​ സജ്​വാന്‍ പറഞ്ഞു. യുവാവ് വിവിധ പൊലീസ്​ സ്​റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.