ആഫ്രിക്കൻ രാജ്യമായ മാലിയിൽ വീണ്ടും പട്ടാള അട്ടിമറി; പ്രസിഡൻറ്​, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ സൈന്യം അറസ്​റ്റ്​ ചെയ്​തു

ബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ മാസങ്ങൾക്കിടെ വീണ്ടും പട്ടാള അട്ടിമറി. പ്രസിഡൻറ്​, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ സൈന്യം അറസ്​റ്റ്​ ചെയ്​തു. കഴിഞ്ഞ ആഗസ്​റ്റിൽ പ്രസിഡൻറ്​ ഇബ്രാഹിം ബൂബക്കർ കീറ്റയെ സമാനമായി സൈന്യം അറസ്​റ്റ്​ ചെയ്​തിരുന്നു.

പ്രധാനമന്ത്രി ബാഹ്​ എൻഡാവ്​, പ്രധാനമന്ത്രി മുക്​താർ ഔൻ, പ്രതിരോധ മന്ത്രി സുലൈമാൻ ദുകോർ എന്നിവരെ തലസ്​ഥാന നഗരമായ ബമാക്കോക്കു സമീപം കാറ്റിയിലെ സൈനിക താവളത്തിലേക്ക്​ മാറ്റി.

കഴിഞ്ഞ ദിവസം സർക്കാർ നടത്തിയ പുനഃസംഘടനയിൽ, പട്ടാള അട്ടിമറിയിൽ പങ്കാളികളായ രണ്ട്​ സൈനിക പ്രമുഖർക്ക്​ സ്​ഥാനം നഷ്​ടമായതിനു പിന്നാലെയാണ്​ ഇടപെടൽ. രാഷ്​ട്രീയ അസ്​ഥിരതയും സൈനികർക്കിടയിലെ പോരും രാജ്യത്ത്​ ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കുന്നത്​ തുടരുകയാണ്​. വിദേശ ഇടപെടലുകളും ഇതുവരെ ഫലം ചെയ്​തിട്ടില്ല.

ഐ.എസ്​, അൽഖാഇദ പോലുള്ള ​ഭീകര സംഘടനകൾ രാജ്യത്തിൻ്റെ ഒരു ഭാഗം നിയന്ത്രണത്തിലാക്കിയതും ഭീഷണിയാണ്​. ഭരണ മേധാവികളെ അടിയന്തരമായി വിട്ടയക്കണമെന്ന്​ മാലിയിലെ യു.എൻ മിഷൻ ആവശ്യപ്പെട്ടു. മേഖലയിലെ വിഷയങ്ങൾ പരിഹരിക്കാനായി രൂപം നൽകിയ പശ്​ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്​മയിലെ ഒരു സംഘം ബമാകോയിലേക്ക്​ തിരിച്ചിട്ടുണ്ട്​. യു.എൻ, ആഫ്രിക്കൻ യൂനിയൻ, യൂറോപ്യൻ യൂനിയൻ എന്നിവയും വിഷയം ഗൗരവത്തോടെയാണ്​ കാണുന്നത്​.

സൈനിക ഭരണത്തിലായിരുന്ന രാജ്യത്തെ തിരികെ സിവിലിയൻ ഭരണത്തിലേക്ക്​ എത്തിക്കുകയെന്ന ദൗത്യവുമായാണ്​ എൻഡാവും ഔനും ഭരണമേറിയിരുന്നത്​. ഇരുവരും സൈനിക നിയന്ത്രണത്തിൽനിന്ന്​ പതിയെ രാജ്യത്തെ മോചിപ്പിക്കാൻ നടത്തിയ നീക്കങ്ങളാണ്​ വീണ്ടും പട്ടാള അട്ടിമറിയിലേക്ക്​ കാര്യങ്ങൾ എത്തിച്ചതെന്നാണ്​ സൂചന. എന്നാൽ, അട്ടിമറി നടന്നിട്ടില്ലെന്നും പുതിയ പുനഃസംഘടന ശരിയായില്ലെന്ന്​ ബോധ്യപ്പെടുത്തൽ മാത്രമാണ്​ അറസ്​റ്റിനു പിന്നിലെന്നും സൈനിക പ്രതിനിധി അറിയിച്ചു.

അ​തേ സമയം, മുമ്പും ഇതേ കേന്ദ്രത്തിലെത്തിച്ചാണ്​ നേതാക്കളെ സൈന്യം പുറത്താക്കിയിരുന്നത്​. മുൻഗാമിയായ പ്രസിഡൻറ്​ കീറ്റയെയും ഇ​വിടെയെത്തിച്ചിരുന്നു.