റോം: കേബിൾ കാർ തകർന്നുവീണ് വടക്കുപടിഞ്ഞാറൻ ഇറ്റലിയിൽ ഉണ്ടായ അപകടത്തിൽ മരിച്ച യാത്രക്കാരുടെ എണ്ണം 14 ആയി ഉയർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു കുട്ടികളിൽ ഒരാൾ മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ ഉയർന്നത്.
ലാഗോ മജോരെ തടാകക്കരയിലെ സ്ട്രേസാ പട്ടണത്തിൽ നിന്ന് മൊത്തറേണ മലമുകളിലേക്കുള്ള കേബിൾ കാർ ആണ് അപകടത്തിൽപ്പെട്ടത്. പൈൻ മരങ്ങൾക്കിടയിലേക്കാണ് കേബിൾ കാർ തകർന്നു വീണത്. അപകടത്തിൽ മരിച്ചവരിൽ അഞ്ച് പേർ ഇസ്രേലി പൗരന്മാരാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2016ൽ ആൽഫിലാൻഡിലെ റൈഡിംഗിനുള്ള കേബിൾ ലൈനുകൾ പുതുക്കുപ്പണിതിരുന്നതായും ലോക്ഡൗൺ പിൻവലിച്ചശേഷം അടുത്തകാലത്താണു സ്കൈ ലിഫ്റ്റ് പ്രവർത്തനക്ഷമമായതെന്നും കമ്പനി വക്താവ് വാൾട്ടർ മിലാൻ പറഞ്ഞു.
ആൽപ്സ് പർവതനിരകളിൽ 4900 അടി ഉയരമുള്ള മൊത്തറേണ പർവതത്തിന് അഭിമുഖമായാണ് തടാകം. കുട്ടികൾക്കുവേണ്ടി പ്രത്യേകം തയാറാക്കിയ റോളർകോസ്റ്ററും ഇവിടുണ്ട്.