മധുര: കൊറോണ വ്യാപനം രൂക്ഷമായ തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ മറികടന്ന് ചാർട്ടർ ചെയ്‌ത വിമാനത്തിൽ വിവാഹം നടത്തിയതിനെതിരെ അന്വേഷണവുമായി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ).വിമാനകമ്പനിയോടും എയർപോർട്ട് അധികൃതരോടും ഇതുസംബന്ധിച്ച് റിപ്പോർട്ട് ഡിജിസിഎ തേടി. സംഭവം നടന്ന അന്ന് വിമാനത്തിൽ ജോലിയിലുണ്ടായിരുന്നവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ഡിജിസിഎ വിവാഹം നടത്തിയവർക്കെതിരെ വിമാന കമ്പനി പരാതി നൽകാനും ആവശ്യപ്പെട്ടു.
മാസ്കുപോലുമില്ലാതെ തിങ്ങി ഞെരുങ്ങി നിന്നായിരുന്നു വിവാഹം. തങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്ത വരനും വധുവിനും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ നടപടിയുണ്ടാകുമെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ വ്യക്തമാക്കി.വിമാനം ചാർട്ടർ ചെയ്‌തെങ്കിലും ആകാശത്തിലെ വിവാഹത്തെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് മധുര എയർപോർട്ട് ഡയറക്‌ടർ സെന്തിൽ രാഘവൻ അറിയിച്ചു. ബുക്ക് ചെയ്‌തവരോട് കൊറോണ ചട്ടങ്ങൾ പാലിക്കണമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
സ്‌പൈസ്‌ജെറ്റിന്റെ ബോയിംഗ് 737 വിഭാഗം വിമാനമാണ് മധുരയിൽ നിന്ന് ബാംഗ്ളൂരേക്ക് ചാർട്ടർ ചെയ്‌തത്. മധുര സ്വദേശികളായ രാകേഷിന്റയും ദീക്ഷണയുടെയും ബന്ധുക്കൾ മധുര മീനാക്ഷി ക്ഷേത്രത്തിന് മുകളിൽ വിമാനം എത്തിയപ്പോൾ താലികെട്ട് നടത്തി. 130 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലായതോടെയാണ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. രാകേഷ് ദീക്ഷണയെ താലി ചാർത്തുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. തമിഴ്നാട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ 50 പേർക്കാണ് അനുവാദമുള്ളത്. ഇത് ലംഘിച്ചായിരുന്നു വിമാനത്തിനുള്ളിലെ ആകാശ വിവാഹം.