മുംബൈ: കൊറോണ പരിശോധനയ്ക്കിടെയുണ്ടായ കൈപ്പിഴയെ തുടർന്ന് ഡോക്ടർക്ക് മർദ്ദനം. സംഭവത്തിന് പിന്നാലെ ഡോക്ടറെ മർദിച്ചവർക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം.
സ്വകാര്യ ആശുപത്രിയിലെ ലാബിൽ കൊറോണ പരിശോധന നടത്തുന്നതിനിടെ സാമ്പിൾ എടുക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ സ്വാബ് സ്റ്റിക് മുറിഞ്ഞ് ഒരു ഭാഗം സ്ത്രീയുടെ മൂക്കിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവരുടെ ബന്ധുക്കൾ ജീവനക്കാരുമായി വാഗ്വാദത്തിലായി. ഇതുകണ്ട് സ്ഥലത്തെത്തിയ ഡോക്ടറെ ബന്ധുക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അക്രമികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.