ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപന രണ്ടാം തരംഗത്തിൽ രോഗം ബാധിച്ച് മരിച്ച ഡോക്ടർമാരുടെ എണ്ണം പുറത്തുവിട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). രാജ്യത്താകെ രണ്ടാം തരംഗത്തിൽ 420 ഡോക്ടർമാരാണ് കൊറോണ ബാധിച്ച് മരിച്ചത്.
രാജ്യത്ത് 12 ലക്ഷം ഡോക്ടർമാരുണ്ടെന്നാണ് കണക്ക്. ഐഎംഎയുടെ രജിസ്റ്ററിൽ 3.5 ലക്ഷം ഡോക്ടർമാരാണുള്ളത്. രണ്ടാം തരംഗത്തിൽ മരിച്ചവരിൽ 100 ഡോക്ടർമാർ തലസ്ഥാനമായ ന്യൂഡൽഹിയിലാണ് മരിച്ചത്. 96 ഡോക്ടർമാർ ബിഹാറിലും 41 ഡോക്ടർമാർ യുപിയിലും കൊറോണ ബാധിച്ച് മരിച്ചു.
ഐഎംഎ മുൻ പ്രസിഡന്റ് ഡോ. കെകെ അഗർവാൾ കൊറോണ ബാധിച്ച് 65ാം വയസ്സിൽ മരിച്ചിരുന്നു. രണ്ട് ഡോസ് വാക്സിനെടുത്ത ഡോ. അഗർവാൾ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. കൊറോണ ഒന്നാം തരംഗത്തിൽ 748 ഡോക്ടർമാർ മരിച്ചെന്നും ഐഎംഎ രേഖപ്പെടുത്തിയിരുന്നു.