ഭാര്യയെ ഉപദ്രവിച്ചു, തട്ടിക്കൊണ്ടുപോയി; ഇന്ത്യന്‍ യുവാവിന് അമേരിക്കയില്‍ 56 മാസം ജയില്‍ ശിക്ഷ; ശിക്ഷാകാലാവധിക്ക് ശേഷം ഇന്ത്യയിലേക്ക് നാടുകടത്തും

വാഷിംഗ്ടണ്‍: ഭാര്യയെ ഉപദ്രവിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ യുവാവിന് അമേരിക്കയില്‍ 56 മാസം ജയില്‍ ശിക്ഷ. മൂന്ന് വര്‍ഷം നല്ലനടപ്പിനും കോടതി വിധിച്ചു. ശിക്ഷാകാലാവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും.

കഴിഞ്ഞ നവംബറിലാണ് സുനില്‍ കെ അഗുള എന്ന 32 കാരന്‍ ഭാര്യയെ ഉപദ്രവിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 2019ലാണ് സംഭവം. സുനില്‍ ഭാര്യയെ അപാര്‍ട്ട്‌മെന്റ് വിട്ടിറങ്ങാന്‍ ബലം പ്രയോഗിച്ചെന്നും കാറില്‍ ബലപ്രയോഗിച്ച് കയറ്റി മര്‍ദ്ദിച്ചെന്നുമാണ് കേസ്.

ജോലി രാജിവെക്കാന്‍ രാജിക്കത്ത് ബലം പ്രയോഗിച്ച് തൊഴിലുടമക്ക് ഇ മെയില്‍ ചെയ്യിച്ചു. ഭാര്യയുടെ ലാപ്‌ടോപ് തല്ലിപ്പൊട്ടിച്ച് വലിച്ചെറിഞ്ഞു. പിന്നീടും ഭാര്യയെ മര്‍ദ്ദിച്ചു. ലോക്കല്‍ പൊലീസാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ കഴിയവെ ഭാര്യയുടെ മൊഴി മാറ്റാനായി ഇന്ത്യയിലുള്ള ഭാര്യയുടെ പിതാവിനോട് ഫോണില്‍ നിര്‍ബന്ധിച്ചെന്നും പ്രൊസിക്യൂഷന്‍ പറയുന്നു.