മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ വീട്ടമ്മയെ മകളുടെ മുന്നിൽവെച്ച് ക്രൂരമായി മർദ്ദിച്ച് പൊലീസ്: വ്യാപക പ്രതിഷേധം

ഭോപ്പാല്‍: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് വീട്ടമ്മയെ മകളുടെ മുന്നിൽവെച്ച് നടുറോഡില്‍ പോലീസ് ക്രൂരമായി മർദ്ദിച്ചു. മദ്ധ്യപ്രദേശിലെ സാഗറിലാണ് സംഭവം. പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി ഇറങ്ങിയ സ്ത്രീയെയും മകളെയും പൊലീസ് ആദ്യം തടഞ്ഞുവയ്ക്കുകയായിരുന്നു.

പിന്നീട് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കവെ കുതറി മാറിയതോടെയാണ് സ്ത്രീയെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. മകള്‍ക്ക് മുന്നില്‍ വച്ചാണ് പൊലീസ് സംഘം ഇവരെ മര്‍ദ്ദിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

രണ്ട് പുരുഷ പൊലീസുകാരും ഒരു വനിതാ പൊലീസും ചേര്‍ന്നാണ് സ്ത്രീയെ മര്‍ദ്ദിക്കുന്നത്. ഇവരെ റോഡിലിട്ട് വലിച്ചിഴക്കുന്നതും തടയാന്‍ ചെന്ന മകളെ തള്ളുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്.

മാസ്‌ക് ധരിക്കാത്തത് നിലവിലെ സാഹചര്യത്തില്‍ തെറ്റ് തന്നെയാണ്, എന്നാല്‍ ആ തെറ്റ് തിരുത്തേണ്ടത് ഇങ്ങനെയല്ല എന്ന രീതിയിലാണ് പൊലീസിനെതിരെ വിമര്‍ശനമുയരുന്നത്. സമാനമായ പൊലീസ് മര്‍ദ്ദനങ്ങള്‍ നേരത്തേയും മദ്ധ്യപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.