ദുബായ്: വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയവർ മലയാളികളടക്കം അനേകം നഴ്സുമാരെ തട്ടിപ്പിന് ഇരയാക്കി. വൻ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു തട്ടിപ്പ്. 600 ലേറെ പേരാണ് തൊഴിൽ വാഗ്ദാനത്തിൽ കുടുങ്ങി യുഎഇയിലെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
എറണാകുളത്തുള്ള ഒരു ഏജൻസി മുഖേന കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ളവരാണ് യു.എ.ഇയിലെത്തി കബളിപ്പിക്കപ്പെട്ടത്. ഓരോരുത്തരിൽ നിന്നും ഒന്നര ലക്ഷം മുതൽ മൂന്നര ലക്ഷം രൂപവരെ ഈടാക്കി വിവിധ സമയങ്ങളിലാണ് ഇവർ യു.എ.ഇയിൽ എത്തിയതെന്നാണ് വിവരം.
ദുബായ് അൽ റിഗ്ഗ, അൽ നഹ്ദ എന്നിവിടങ്ങളിൽ മാത്രമായി 30 ലേറെ പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മാർച്ച് ഒമ്പതിനാണ് 10 പേർ അടങ്ങുന്ന ഒരു സംഘം ദുബായ് വിമാനത്താവളത്തിലെത്തുന്നത്. വിസയിൽ അഡ്മിനിസ്ട്രേറ്റർ, കെയർ ടേക്കർ എന്നെല്ലാം കണ്ടപ്പോൾ ഏജൻസിയിൽ അന്വേഷിച്ചിരുന്നതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത കോട്ടയം സ്വദേശിനി പറഞ്ഞു.
‘ദുബായിലെത്തി കുറച്ചുദിവസത്തിനകം വിസ മാറും, ജോലി തരപ്പെടും എന്നെല്ലാമാണ് ഏജന്റ് വിശ്വസിപ്പിച്ചത്. ഒരു ലക്ഷത്തിലേറെ രൂപ ശമ്പളവാഗ്ദാനവും നൽകിയിരുന്നു. വിമാനത്താവളത്തിലെത്തി അൽ റിഗ്ഗയിലെ ഒരു കെട്ടിടത്തിലേക്കാണ് ഞങ്ങൾ 10 പേരെ കൊണ്ടുപോയത്. ക്വാറന്റീൻ ഉൾപ്പെടെ 15 ദിവസം ഇവിടെ താമസിക്കണമെന്നും പറഞ്ഞിരുന്നു.
സമയത്തിന് ഭക്ഷണവും എത്തിച്ചിരുന്നു. എന്നാൽ 15 ദിവസം കഴിഞ്ഞും ഏജൻസിയിൽനിന്നും വിവരമൊന്നുമുണ്ടായില്ല. അതോടെയാണ് ഞങ്ങൾ അന്വേഷിക്കാൻ തുടങ്ങിയത്. ചതിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ഇവിടെനിന്നും പുറത്തുകടക്കാനുള്ള വഴികൾ തേടി.
ജോലിയില്ലെങ്കിൽ നൽകിയ പണമെങ്കിലും തിരിച്ചുകിട്ടണം. ജൂൺ ഒമ്പതിന് വിസ തീരും. റീഫണ്ട് കിട്ടിയാൽ വിസയെങ്കിലും പുതുക്കി സ്വന്തം നിലക്ക് എന്തെങ്കിലും ജോലി തരപ്പെടുത്താമായിരുന്നു. ഇതിനിടയിൽ പലരും സ്വന്തം നിലയിൽ അന്വേഷണം നടത്തി ഹോം കെയർ, സെയിൽസ് വിഭാഗങ്ങളിലായി ജോലി തരപ്പെടുത്തിയെന്നും കോട്ടയം സ്വദേശിനി പറഞ്ഞു.
അൽ റിഗ്ഗയിൽ നാലഞ്ച് കെട്ടിടങ്ങളിലായി 600 ഓളം പേർ നഴ്സിങ് ജോലി വാഗ്ദാനത്തിൽ കുടുങ്ങി വന്നിട്ടുണ്ടെന്നാണ് അറിവെന്ന് കൊല്ലം സ്വദേശിനി പറഞ്ഞു.
നാട്ടിൽ ശ്രീജിത് എന്നൊരാളാണ് നിരന്തരം ഇവരുമായി ബന്ധപ്പെട്ടിരുന്നത്. ഡബ്ല്യൂ.ജെ എന്ന പേരിലുള്ള ഏജൻസിയാണ് ഫെയ്സ്ബുക്കിലൂടെ വൻതുക വാഗ്ദാനം ചെയ്തുള്ള തൊഴിൽ പരസ്യം നൽകിയതെന്നും ഇവർ പറഞ്ഞു.