ന്യൂഡെൽഹി: കുട്ടികളിൽ കേവാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ ഭാരത് ബയോടെക്. രണ്ടു മുതൽ 18 വയസുവരെയുളള കുട്ടികളിൽ അടുത്ത 10-12 ദിവസത്തിനുളളിൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. പരീക്ഷണങ്ങൾക്കായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയിട്ടുണ്ട്.
വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഉണ്ടാകാവുന്ന അപകട സാദ്ധ്യതയും പ്രയോജനവും ഒരു പോലെ എത്രയും വേഗം വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. കുട്ടികളെ വാക്സിനേറ്റ് ചെയ്യണമെന്ന് ലോകമെമ്പാടുമുളള സർക്കാരുകളോട് വിദഗ്‍ദ്ധർ ആവശ്യപ്പെടുന്നുണ്ട്.
സ്കൂളുകൾ തുറന്ന പ്രവർത്തിക്കണമെങ്കിൽ കുട്ടികളുടെ വാക്സിനേഷൻ എത്രയും വേഗം നടപ്പാക്കേണ്ടതാണ്. കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷങ്ങൾക്ക് മേയ് പതിനൊന്നിനായാണ് അനുമതി ലഭിച്ചത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോ ഓർഗനെെസേഷന്റെ സബ്ജക്‌ട് എക്സ്പെർട്ട് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിവിധ ആശുപത്രികളിലായി 525 പേർ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിലാണ് ആദ്യമായി കുട്ടികളിൽ പരീക്ഷണങ്ങൾ നടത്തുന്നതിനായി ഭാരത് ബയോട്ടെക് സെൻട്രൽ ഡ്രഗ് റെഗുലേറ്ററെ സമീപിച്ചത്.