കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തൊട്ടടുത്തുള്ള ശ്മശാനത്തിൽ സംസ്ക്കരിക്കാൻ വൻ തുക; ആംബുലൻസ് ഏജൻസിക്കെതിരേ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്

കോട്ടയം : കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തൊട്ടടുത്തുള്ള ശ്മശാനത്തിൽ സംസ്‌ക്കരിക്കാൻ സ്വകാര്യ ആംബുലൻസ് ഏജൻസി വൻ തുക ഈടാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ കളക്ടറുടെ ഉത്തരവ്. കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മൃതദേഹം തൊട്ടടുത്തുള്ള മുട്ടമ്പലം ശ്മശാനത്തിൽ സംസ്‌കരിക്കാൻ 22,000 രൂപയാണ് ആംബുലൻസ് ആവശ്യപ്പെട്ടത്.

കോട്ടയം നാട്ടകം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭയ എന്ന സ്വകാര്യ ആംബുലൻസ് സർവീസാണ് ഇത്തരത്തിൽ പകൽക്കൊള്ള നടത്തിയത്. രണ്ട് ദിവസം മുൻപ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കാൻ ഇവർ വാങ്ങിയതും വൻ തുകയാണ്. ഇത് പുറത്തറിഞ്ഞതോടെ വിമർശനങ്ങൾ ഉയരുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് 11 കിലോ മീറ്റർ മാത്രം ദൂരെയുള്ള മുട്ടമ്പലം ശ്മശാനത്തിൽ സംസ്‌കരിക്കാനാണ് മൃതദേഹം വച്ച് വിലപേശൽ നടത്തിയത്. ഇതിന് പിന്നിൽ ഏജൻ്റുമാരും ഉണ്ടെന്നാണ് കണ്ടെത്തൽ. സംഭവം വിവാദമായതോടെയാണ് കളക്ടറുടെ ഇടപെടലും അന്വേഷണവും.