കുവൈറ്റിൽനിന്നും ഇന്ത്യയിലേയ്ക്ക് നേരിട്ട് വിമാന സർവീസ് പുനരാരംഭിച്ചു

കുവൈറ്റ്‌: ലോക്ഡൗൺ പിൻവലിച്ചതിനു ശേഷം കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി ലഭിച്ചതായി ജസീറ എയർവെയ്‌സും, ഇൻഡിഗോ എയർവെയ്‌സ് അധികൃതരും അറിയിച്ചു. എന്നാൽ ഇതുസംബന്ധിച്ചുള്ള അറിയിപ്പ് ഇതുവരെ ലഭിച്ചില്ലെന്നാണ് ട്രാവൽ ഏജൻസി അധികൃതർ അറിയിക്കുന്നത്. ദീർഘകാലമായി പ്രവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയ വിലക്കാണ് കുവൈറ്റ് പിൻവലിച്ചത്. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്തിൽ നിന്നും നേരിട്ട് വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ന് മുതൽ നിരോധനം പിൻവലിക്കുന്നതായി കുവൈറ്റ്‌ വിമാനത്താവളം വ്യോമ ഗതാഗത വിഭാഗം മേധാവി നായിഫ് അൽ ബദറാണ് അറിയിച്ചത്.

അതേസമയം, കുവൈറ്റിൽ അംഗീകൃത വാക്‌സിൻ സ്വീകരിച്ച് കൊറോണയിൽ നിന്ന് മുക്തി നേടാത്ത പൗരന്മാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈറ്റിന് പുറത്തേയ്ക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. രണ്ട് ഡോസ് സ്വീകരിച്ചവർക്കും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച്ചയിൽ കൂടുതൽ കഴിഞ്ഞവർക്കും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് അഞ്ച് ആഴ്ച്ചകൾ കഴിഞ്ഞവർക്ക്. കൊറോണ മുക്തി നേടിയ ശേഷം ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് രണ്ട് ആഴ്ച്ചകൾ കഴിഞ്ഞവർക്ക്‌.