കൊറോണ ചികിത്സാ നിരക്ക്; സർക്കാർ ഉത്തരവിൽ ആശയക്കുഴപ്പമെന്ന്; വ്യക്തത ആവശ്യപ്പെട്ട് ഹോസ്പിറ്റൽ മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകി

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ കൊറോണ ചികിത്സാ നിരക്ക് സംബന്ധിച്ച സർക്കാർ ഉത്തരവിൽ ആശയക്കുഴപ്പത്തിൽ വ്യക്തത ആവശ്യപ്പെട്ട് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ സർക്കാരിന് കത്ത് നൽകി. എന്നാൽ മൂന്ന് ദിവസമായിട്ടും സർക്കാർ മറുപടി നൽകിയില്ലെന്ന് മാനേജ്മെന്‍റുകൾ അറിയിച്ചു.

റൂമുകൾക്ക് എത്ര തുക ഈടാക്കണമെന്നത് ഉത്തരവിൽ ഇല്ല. സ്വകാര്യ റൂമുകളിൽ എത്ര പിപിഇ കിറ്റ് വേണമെന്നതിലും ആശയക്കുഴപ്പം ഉണ്ട്. പിപിഇ കിറ്റ് അടക്കമുള്ളവയക്ക് എംആർപി നിരക്ക് ഈടാക്കണമെന്നതിലും അവ്യക്തതയുണ്ട്.

നിരവധി കാലത്തെ ആവശ്യങ്ങൾക്കൊടുവിലാണ് സ്വകാര്യ ആശുപത്രികൾ കൊറോണ ചികിത്സയ്ക്ക് ഈടാക്കേണ്ട നിരക്ക് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നായിരുന്നു നടപടി. എന്നാൽ ജനറൾ വാർഡ്, ഐസിയു, വെന്റിലേറ്റർ എന്നിവയുടെ കാര്യം മാത്രമാണ് ഉത്തരവിൽ വ്യക്തമായി പറയുന്നത്. ഹൈക്കോടതിയുടെ ഉത്തരവിലും ഇക്കാര്യങ്ങൾ മാത്രമാണ് വിശദീകരിക്കുന്നത്.

പല ആശുപത്രികളിലും കൊറോണ രോ​ഗികൾ കഴിയുന്നത് വ്യക്തി​ഗത റൂമുകളിലാണ്. ഇവരിൽ നിന്ന് ഏതു തരത്തിലുള്ള ബില്ല് ഈടാക്കണം എന്നതിൽ വ്യക്തത ഇല്ലാത്തതു മൂലം പല ആശുപത്രികളിലും മാനേജ്മെന്റും രോ​ഗികളും തമ്മിൽ വാക്കേറ്റമുണ്ടാകുന്ന സ്ഥിതിയാണ്. ഉത്തരവിലുള്ള ഈ പിഴവ് മൂലം ആശുപത്രികൾ ഇത്തരം രോ​ഗികളിൽ നിന്ന് തോന്നിയ തരത്തിലാണ് തുക ഈടാക്കുന്നതെന്ന് പരാതി ഉയരുന്നുണ്ട്.