എറണാകുളത്ത് വരുന്ന രണ്ടാഴ്ച നിര്‍ണായകം; ഓക്‌സിജന്‍ ബെഡ്ഡുകളുടെ ക്ഷാമമെന്ന് കളക്ടര്‍

കൊച്ചി : എറണാകുളം ജില്ലയില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ജില്ലാ കളക്ടര്‍. 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള പഞ്ചായത്തുകളില്‍ രോഗികള്‍ കുറഞ്ഞിട്ടുണ്ട്. ജില്ലയില്‍ 19 പഞ്ചായത്തുകളാണ് ടിപിആര്‍ 50 ശതമാനത്തിന് മുകളിലുള്ളത്. ഈ പഞ്ചായത്തുകളില്‍ സ്ഥിതി മെച്ചപ്പെടുന്നതായി കളക്ടര്‍ അറിയിച്ചു.

ഇപ്പോഴുള്ള കരുതലും ജാഗ്രതയും അടുത്ത രണ്ടാഴ്ച കൂടി തുടരണം. നിലവില്‍ ഓക്‌സിജന്‍ ബെഡ്ഡുകളുടെ ക്ഷാമം ജില്ലയില്‍ അനുഭവപ്പെടുന്നുണ്ട്. 1000 ഓക്‌സിജന്‍ ബെഡ്ഡുകള്‍ കൂടി തയ്യാറാക്കിയാല്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനാകുമെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

ബിപിസിആര്‍ 1000 ഓക്‌സിജന്‍ ബെഡ്ഡുകള്‍ തയ്യാറാക്കി വരികയാണ്. ഇതില്‍ നൂറെണ്ണം ഈ ആഴ്ച തന്നെ രോഗികള്‍ക്ക് ഉപയോഗിക്കാനാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ ഇന്നലെ 4514 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.