ന്യൂഡെല്‍ഹി: കൊറോണ പ്രതിരോധത്തിന് ദക്ഷിണ കൊറിയയില്‍ നിന്ന് ജീവന്‍രക്ഷാ ഉപകരണങ്ങളടക്കമുള്ളവ ഇന്ന് പുലര്‍ച്ചെയോടെ രാജ്യതലസ്ഥാനത്തെത്തി. ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് എത്തിയത്. കൊറിയയില്‍ നിന്ന് തന്നെയുള്ള ചരക്കു വിമാനത്തിലാണ് കൊറോണ പ്രതിരോധ ഉപകരണങ്ങൾ എത്തിയത്.
ദക്ഷിണ കൊറിയയില്‍ നിന്നും രണ്ടാം ഘട്ടത്തില്‍ 200 ഓക്സിജന്‍ കോണ്‍സന്ട്രേറ്ററുകളും ഓക്സിജന്‍ സിലിണ്ടറുകളും മാസ്ക്കുകളും എത്തിയതായി വിദേശകാര്യവക്താവ് അറിയിച്ചു. ഇന്ത്യയിലെ ദക്ഷിണകൊറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കറോണ പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന് കൈമാറി.
ഇന്ത്യക്കായുള്ള വിദേശസഹായം തുടരുകയാണ്. ലോകരാഷ്ട്രങ്ങളുടെ സഹായങ്ങള്‍ക്ക് പുറമേ നിരവധി ചെറു രാജ്യങ്ങളും ഇന്ത്യക്ക് ഓക്സിജന്‍ ഉപകരണങ്ങള്‍ എത്തിക്കുന്നുണ്ട്. ഇന്തോനേഷ്യയും അയല്‍രാജ്യമായ ബംഗ്ലാദേശും ഇന്ത്യയ്ക്ക് സാധനങ്ങള്‍ ഘട്ടം ഘട്ടമായി എത്തിച്ചിരുന്നു.ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ബ്രിട്ടണ്‍, ബ്രസീല്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളും ഇന്ത്യക്ക് വിവിധ ഘട്ടങ്ങളിലായി ഓക്സിജനും അനുബന്ധ സാധനങ്ങളും എത്തിച്ചു കഴിഞ്ഞു. ഇസ്രയേല്‍ ഗവേഷകരേയും ചികിത്സകരേയും ഇന്ത്യയിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ്.