ബൈക്ക് ആംബലുൻസിന് പകരമല്ലെന്ന് മുഖ്യമന്ത്രി; എല്ലാ കൊറോണ കെയർ സെൻ്ററിലും ആംബുലൻസ് ഒരുക്കാൻ നടപടി

തിരുവനന്തപുരം : ആലപ്പുഴയിലെ പുന്നപ്രയിൽ കൊറോണ രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി. ബൈക്ക് ഒരിക്കലും ആംബലുൻസിന് പകരമല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. രോഗികളുള്ള കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സേവനം ഉറപ്പാക്കണമെന്നും തദ്ദേശ പ്രതിനിധികളുമായൂള്ള യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പുന്നപ്രയിലെ ഡൊമിസിലറി കേന്ദ്രത്തിൽ ശ്വാസതടസ്സം അനുഭവപ്പെട്ട രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചത് വലിയ ചർച്ചയായിരുന്നു. യുവാക്കളായ അശ്വിൻ്റേയും രേഖയുടേയും സമയോചിത ഇടപടലിനെ മുഖ്യമന്ത്രിയടക്കം മാതൃകാപരമെന്നാണ് വിശേഷിപ്പിച്ചത്. അഭിനന്ദനപ്രവാഹം തുടരുമ്പോഴും ഇത്തരം കേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങൾ നി‍ർബന്ധമായും വേണമെന്നാണ് മുഖ്യമന്ത്രി തദ്ദേശപ്രതിനിധികളെ ഓർമ്മപ്പെടുത്തുന്നത്.

പുന്നപ്രയിലെ ഡൊമിസലിറി കേന്ദ്രത്തിൽ ആരോഗ്യപ്രവർത്തകരുമുണ്ടായിരുന്നില്ല. കൊറോണ രോഗികളുള്ള സിഎഫ്എൽടിസികളായാലൂം ഡിസിസിസികളായും ആരോഗ്യപ്രവർത്തകർ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

യോഗത്തിന് പിന്നാലെ പുന്നപ്രയിലെ കേന്ദ്രത്തിൽ സ്റ്റാഫ് നേഴ്സുകളുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കാൻ ആലപ്പുഴ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലയിലെ എല്ലാ സിഎഫ്എൽടിസികളിലും ഡിസിസിസികളിലും സ്ഥിരം ആംബുലൻസ് സംവിധാനം ഉണ്ടാക്കാനും കലക്ടർ നിർദ്ദേശിച്ചു.