ന്യൂഡെൽഹി: കൊറോണ ലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ടെസ്റ്റ് റിസൾട്ട് ആവശ്യമില്ലെന്നും രോഗ ലക്ഷണം കാണിക്കുന്നവരെ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും പ്രവേശിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.
കൊറോണ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗികൾ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്സിജനും ചികിത്സയും ലഭ്യമാക്കണം. തിരിച്ചറിയൽ കാർഡ് ഹാജരാക്കിയില്ലെങ്കിലും ചികിത്സ നിഷേധിക്കരുതെന്നും നിർദേശമുണ്ട്.
ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്തവരെ ഡെഡിക്കേറ്റഡ് കൊറോണ ഹെൽത്ത് സെൻററിലും ഗുരുതര ലക്ഷണം ഉള്ളവരെ ഡെഡിക്കേറ്റഡ് കൊറോണ ഹോസ്പിറ്റലിലും ആവണം പ്രവേശിപ്പക്കേണ്ടതെന്നും കേന്ദ്രസർക്കാരിൻ്റെ മാർഗനിർദേശത്തിൽ പറയുന്നു.
രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പോസിറ്റീവ് റിസള്‍ട്ട് ഇല്ലാതെ നിരവധിപേര്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
അതേസമയം, ആവശ്യത്തെ അടിസ്ഥാനമാക്കി മാത്രമാകണം ആശുപത്രികളിലെ പ്രവേശനമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആശുപത്രി പ്രവേശനം ആവശ്യമില്ലാത്ത വ്യക്തികൾക്ക് കിടക്കകൾ നൽകിയിട്ടില്ലെന്ന് ഉറപ്പാക്കണം. പുതുക്കിയ മാനദണ്ഡങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗികൾക്ക് ഉടനടിയും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാനാണ് പരിഷ്കരണമെന്നും മന്ത്രാലയം കൂട്ടിച്ചേർക്കുന്നു.
സ്വകാര്യ ആശുപത്രികളിലടക്കം പുതിയ നിർദേശങ്ങൾ നടപ്പിലാക്കേണ്ടി വരും. ഒരുതരത്തിലും ഒരു രോഗിക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്നും ഓക്സിജനും മറ്റു മരുന്നുകളും ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തിലാണ് താമസിക്കുന്നത് എന്ന് വ്യക്തമാക്കുന്ന തിരിച്ചറിയല്‍ രേഖകളില്ലാത്തവരെ ചികിത്സിക്കാതെ മടക്കി അയക്കാന്‍ പാടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു.