കൊറോണ രോഗിക്ക് ആശുപത്രിയില്‍ കിടക്ക വാഗ്​ദാനം ചെയ്​ത്​ വയോധികനില്‍നിന്ന്​ 20000 രൂപ തട്ടി

നാഗ്​പൂര്‍: ആശുപത്രിയില്‍ കിടക്ക ശരിയാക്കിത്തരാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ വയോധികനില്‍നിന്ന്​ 20000 രൂപ തട്ടിയതായി പരാതി. കൊറോണ വ്യാപനം രൂക്ഷമായ മഹാരാഷ്​ട്രയില്‍ രോഗബാധിതയായ ഭാര്യക്കുവേണ്ടി ആശുപത്രിയില്‍ ബെഡ്​ തേടിയയാളില്‍നിന്നാണ്​ പണം തട്ടിയത്​. അമരേന്ദ്ര നാരായണ്‍സിങ്​ ആണ്​ തട്ടിപ്പിനിരയായത്​.

ഇദ്ദേഹത്തിന്നെ ഭാര്യ കൊറോണ ബാധിതയായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ആശങ്കാജനകമായതിനെ തുടര്‍ന്ന്​ മറ്റേതെങ്കിലും ആശുപത്രിയിലേക്ക്​ മാറ്റാനായിരുന്നു നാരായണ്‍ സിങ്ങി​ൻ്റെ ആലോചന. ബന്ധുക്കളില്‍ ഒരാളാണ്​ ആശുപത്രിയില്‍ പ്രവേശനത്തിന്​ സഹായിക്കുന്നയാളാണെന്ന്​ ​പരിചയപ്പെടുത്തി രാഹുല്‍ കുമാര്‍ എന്നയാളുടെ നമ്പര്‍ നല്‍കിയത്​.

ഫോണില്‍ ഇയാളെ ബന്ധപ്പെട്ടപ്പോള്‍ ഹോസ്​പിറ്റലില്‍ ബെഡ്​ ബുക്ക്​ ചെയ്യാന്‍ 20000 രൂപ അക്കൗണ്ടില്‍ ഇടണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു. ആ പണം ട്രാന്‍സ്​ഫര്‍ ചെയ്​ത ശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ടു. സംശയം തോന്നിയ നാരായണ്‍ സിങ്​ ആശുപത്രിയിലേക്ക്​ വിളിച്ച​ന്വേഷിച്ചപ്പോള്‍ അങ്ങനെയൊരാളുമായി അവര്‍ക്ക്​ ബന്ധമില്ലെന്നും ബെഡ്​ ബുക്ക്​ ചെയ്​തിട്ടില്ലെന്നും വിവരം ലഭിക്കുകയായിരുന്നു. ഇതോടെയാണ്​ പൊലീസില്‍ പരാതി നല്‍കിയത്​.