ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് പതിക്കുമെന്ന ഭീതി അകലുന്നു; റോക്കറ്റ് വെടിവച്ചു വീഴ്ത്താൻ യുഎസിന് പദ്ധതിയില്ലെന്ന് പ്രതിരോധ സെക്രട്ടറി

ന്യൂയോർക്ക്: ഭൂമിയിലേക്ക് പതിക്കുമെന്ന് ഭീതി പരത്തിയ ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ വെടിവച്ചു വീഴ്ത്താൻ യുഎസ് സൈന്യത്തിന് പദ്ധതിയില്ലെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ലോംഗ് മാർച്ച്‌ 5 ബി എന്നാണ് ഈ് റോക്കറ്റിന്റെ പേര്, ശനിയാഴ്ച ഭൂമിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇത് ജനവാസമേഖലയിൽ പതിക്കുമെന്ന് യുഎസ് സർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കാലിഫോർണിയ, ന്യൂയോർക്ക് സംസ്ഥാനങ്ങൾക്കാണ് ഇതു സംബന്ധിച്ച്‌ നേരത്തെ മുന്നറിയിപ്പ് നൽകിയത്. എന്നാൽ നിലവിൽ ആശങ്കാജനകമായ സാഹചര്യമല്ലെന്നാണ് അനുമാനം. അവശിഷ്ടങ്ങൾ സമുദ്രത്തിൽ പതിക്കുമെന്നാണ് പ്രതീക്ഷയെന്നും ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിൽ വീഴുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

”ഞങ്ങൾക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയുണ്ട്, പക്ഷേ തത്ക്കാലം അത് വെടിവയ്ക്കാൻ ഞങ്ങൾക്ക് പദ്ധതിയില്ല.ആരെയും ഉപദ്രവിക്കാത്ത ഒരിടത്ത് അത് പതിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സമുദ്രത്തിൽ, അല്ലെങ്കിൽ അതുപോലെയുള്ള മറ്റെവിടെങ്കിലും’, യുഎസ് പ്രതിനിധി പറഞ്ഞു.