തിരുവനന്തപുരം: ശനിയാഴ്ച മുതൽ ഏർപ്പെടുത്തുന്ന ലോക്ഡൗണിൽ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഇളവുകളിൽ ചിലത് വെട്ടിക്കുറച്ചേക്കും. നിർമാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങൾ തുറക്കുന്നതിലും നിയന്ത്രണങ്ങൾ വേണമെന്ന് പോലീസ് നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണിത്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ പോലീസിന്റെ യോഗം ഇന്ന് ചേരും.
നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് ഇന്നലെ ഇറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സംബന്ധിച്ച് പോലീസിന് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. വലിയ ഇളവുകൾ നൽകിക്കൊണ്ട് ലോക്ഡൗൺ എങ്ങനെ നടപ്പാക്കും എന്നതിലാണ് ആശയക്കുഴപ്പം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയേയും പോലീസ് അറിയിച്ചിട്ടുണ്ട്.
നിർമാണ മേഖലയ്ക്ക് കൂടുതൽ ഇളവ് നൽകിയാൽ കൂടുതൽ ആൾക്കാർ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്ന് പോലീസ് പറയുന്നു. അത് ജനങ്ങളെ നിയന്ത്രിക്കുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. സഹകരണ മേഖലയിൽ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതും കൂടുതൽ പേർ പുറത്തിറങ്ങുന്നതിന് വഴിയൊരുക്കും. കടകളുടെ പ്രവർത്തന സമയം പരമാവധി അഞ്ച് മണിക്കൂർ ആയി നിശ്ചയിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ പൂർണമായ ലോക്ഡൗൺ മാത്രമേ പ്രയോജനം ചെയ്യൂ എന്നും പോലീസ് പറയുന്നു.
നിയന്ത്രണങ്ങൾ എങ്ങനെ നടപ്പാക്കണം എന്ന് ചർച്ചചെയ്യുന്നതിന് ഇന്ന് 11 മണിക്ക് നടക്കുന്ന പോലീസിന്റെ യോഗത്തിൽ ഇളവുകൾ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും. പോലീസിന്റെ നിലപാട് കൂടി പരിഗണിച്ച ശേഷം മിക്കവാറും സർക്കാരിന്റെ ഭാഗത്തുനിന്ന് പുതിയ ഉത്തരവ് ഇറങ്ങിയേക്കുമെന്നാണ് കരുതുന്നത്.