കേരളത്തിൽ മെയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺപ്രഖ്യാപിച്ചു. ഒരാഴ്ച സംസ്ഥാനം പൂർണമായി അടച്ചിടും.
മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ആയിരിക്കും.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കൊറോണ പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ. നിലവിലെ മിനി ലോക്ക് ഡൗൺ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. സമിതിയുടെ നിർദേശം അനുസരിച്ചാണ് ലോക്ക് ഡൗൺ പ്രഖ്യാപനം.

ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗണ്‍ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. 80 % പേരും അനാവശ്യമായി യാത്ര ചെയ്യുകയാണെന്നും ചോദ്യം ചെയ്താല്‍ ഓരോ ന്യായീകരണം നിരത്തുകയാണെന്നും ഡിജിപിക്കു ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു.