മൂന്നാറിൽ നിയന്ത്രണം ലംഘിച്ച് ധ്യാനം; നൂറിലേറെ പുരോഹിതർക്ക് കൊറോണ

മൂന്നാർ: കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം. സിഎസ്‌ഐ സഭാ വൈദികരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ധ്യാനത്തിൽ പങ്കെടുത്ത നൂറിലേറെ പുരോഹിതർക്ക് കൊറോണ ബാധിക്കുകയും രണ്ട് പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ആഞ്ച് വൈദികരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.

ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാറിലാണ് ധ്യാനം നടന്നത്. ധ്യാനത്തിൽ വിവിധ പള്ളികളിൽ നിന്നായി 480 വൈദികർ പങ്കെടുത്തു. ഇതിൽ 100ഓളം വൈദികർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ സഭനേതൃത്വത്തിനെതിരെ കേസ് എടുക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു. ധ്യാനത്തിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതിയും നൽകിയിട്ടുണ്ട്.

വൈദികനായ റവ. ബിജു മോൻ, റവ. ഷൈൻ ബി രാജ് എന്നിവരാണ് മരിച്ചത്. കൊറോണയുടെ രണ്ടാം തരംഗത്തെ തുടർന്ന് മദ്ധ്യകേരളം ധ്യാനം മാറ്റിവെച്ചിരുന്നു. എന്നാൽ ദക്ഷിണ കേരളം ധ്യാനം രഹസ്യമായി നടത്തുകയായിരുന്നു. സർക്കാരിന്റെ നിയന്ത്രണങ്ങൾ അനുസരിച്ച് 50 പേർക്ക് മാത്രമെ യോഗത്തിൽ പങ്കെടുക്കാനാവൂ. ഇത് ലംഘിച്ചാണ് 500ഓളം വൈദികർ ധ്യാനത്തിൽ പങ്കെടുത്തത്.