നവവരൻ കൊറോണ ബാധിച്ച് ചികിൽസ ലഭിക്കാതെ മരിച്ചു

ബെംഗളൂരു: നവവരൻ കൊറോണ ബാധിച്ച് ചികിൽസ കിട്ടാതെ മരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയ കൊൽക്കത്ത സ്വദേശിയായ റാമി(35)ന് കൊറോണ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് മരിച്ചത്.ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

ബിടിഎം ലേ ഔട്ടിൽ താമസിച്ചിരുന്ന റാമി(35)ന്റെ വിവാഹം രണ്ടാഴ്ച മുൻപായിരുന്നു. നവവധുവുമായി ബെംഗളൂരുവിലേക്കു മടങ്ങിയെത്തിയയുടൻ പനി ബാധിച്ചു. രക്തത്തിലെ ഓക്സിജന്റെ അളവ് 80 ആയി കുറഞ്ഞതോടെ ശനിയാഴ്ച സ്വകാര്യ ആശുപത്രിയിലെത്തി. കൊറോണ പരിശോധന നടത്താതെ ഇവർ പനിക്ക് ഗുളിക നൽകി മടക്കിയയച്ചതിനു പിന്നാലെ റാം മരിച്ചു. മരിച്ചശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

കൊറോണ ബാധിച്ചുള്ള മരണങ്ങൾ കർണാടകത്തിൽ പെരുകുമ്പോൾ ദുരന്തത്തിൻ്റെ ഹൃദയഭേദകമായ സംഭവങ്ങളാണ് പുറത്ത് വരുന്നത്. ഓക്സിജൻ കിട്ടാതെ 24 പേർ മരിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരം വേദനാജനകമായ വേർപാടുകളുടെ ചിത്രം.

മണ്ണുമാന്തി യന്ത്ര കോരിയിൽ മൃതദേഹം

വാഹനം ലഭിക്കാത്ത സാഹചര്യത്തിൽ മണ്ണുമാന്തി യന്ത്രത്തിന്റെ കോരിയിലിട്ട് മൃതദേഹം ആശുപത്രിയിലെത്തിച്ചു. കോലാറിലെ ചിന്താമണിയിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരിയായ ചന്ദ്രകല (42) മരിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി ചിന്താമണി ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് ആവശ്യപ്പെട്ടു.

കൊറോണ മരണമെന്ന് കരുതി വാഹനം വിട്ടുകൊടുക്കാൻ ആരും തയാറാകാത്തതിനെ തുടർന്നാണ് മണ്ണുമാന്തി യന്ത്രത്തിൽ മൃതദേഹം കൊണ്ടുപോയത്. തുടർന്നു നടത്തിയ കൊറോണ പരിശോധനയിൽ നെഗറ്റീവാണെന്നു സ്ഥിരീകരിച്ചു.

പൊതുദർശനത്തിന് വച്ചു; കേസെടുത്തു

മൈസൂരുവിൽ കൊറോണ ബാധിച്ചു മരിച്ചയാളുടെ മൃതദേഹം പൊതുദർശനത്തിനു വച്ചതിനു കുടുംബാംഗങ്ങൾക്ക് എതിരെ കേസ്. നരസിംഹരാജയിലെ പള്ളിയിൽ സംസ്കരിക്കുന്നതിനു മുന്നോടിയായി അന്ത്യകർമങ്ങൾ ചെയ്യാൻ അവസരം ഒരുക്കിയതിനാണ് പൊലീസ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ഡോ.ചന്ദ്രഗുപ്ത പറഞ്ഞു.