ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ഇസ്രായേലും കുവൈറ്റും

ന്യൂഡെൽഹി/കുവൈറ്റ്: കൊറോണ വ്യാപനം തീവ്രമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ഇസ്രായേലും കുവൈറ്റും.
മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഓക്സിജൻ ജനറേറ്ററുകളും ഇസ്രായേൽ ഇന്ത്യക്ക് കൈമാറി. ‘ഇന്ത്യൻ ജനതയ്ക്ക് ഇസ്രായേൽ ജനങ്ങളുടെ വക‘ എന്ന ലേബലും പെട്ടികളുടെ പുറത്ത് പതിപ്പിച്ചിട്ടുണ്ട്. വളരുന്ന പങ്കാളിത്തം എന്നും ലേബലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ അമേരിക്ക, ഫ്രാൻസ്, ഹോംഗ്കോംഗ്, യുകെ, തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്ക് സഹായവുമായി രംഗത്ത് വന്നിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുകള്‍, പരിശോധനാ കിറ്റുകള്‍, മരുന്നുകള്‍ എന്നിവയാണ് പ്രധാനമായും ലോകരാജ്യങ്ങൾ ഇന്ത്യക്ക് ലഭ്യമാക്കുന്നത്.

കൊറോണ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാനഡയും രംഗത്തെത്തിയിട്ടുണ്ട്. നയാഗ്ര വെള്ളച്ചാട്ടം ത്രിവർണമണിഞ്ഞാണ് ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചത്. മഹാമാരിയുടെ കാലം മാറി നല്ല നാളെ വരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുക കൂടിയാണ് കാനഡയെന്ന് നയാഗ്ര പാർക്ക് ട്വീറ്റിലൂടെ അറിയിച്ചു.

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി സഹായം എത്തിച്ചു. മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഓക്സിജൻ സിലിണ്ടറുകളും അടക്കം 40 ടൺ സാധനങ്ങൾ പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ എത്തിച്ചു. ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിൽ ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം സാധ്യമായ എല്ലാ സഹായവും നൽകുമെന്നും കുവൈറ്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്‍താവനയിൽ റെഡ് ക്രസന്റ് വ്യക്തമാക്കി.

കുവൈറ്റിലെ അബ്‍ദുല്ല അൽ മുബാറക് എയർ ബേസിൽ നിന്നാണ് അത്യാവശ്യ സാധനങ്ങളടങ്ങിയ വിമാനം ഇന്ത്യയിലേത്ത് തിരിച്ചത്. സൗഹൃദ രാജ്യമായ ഇന്ത്യയിലെ ആശുപത്രികളിൽ അത്യാവശ്യമുള്ള സാധനങ്ങൾ എത്തിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി ഡയറക്ടർ ജനറൽ അബ്‍ദുൽ റഹ്‍മാൻ അൽ ഔൻ പറഞ്ഞു.

ഇന്ത്യയിലെ കുവൈറ്റ് എംബസിയുമായും ഇന്ത്യൻ റെഡ് ക്രോസുമായും സഹകരിച്ചായിരിക്കും ആശുപത്രികളിൽ മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്യുക. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്‍മദ് അൽ ജാബിൽ അൽ സബാഹിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് സൗഹൃദ രാജ്യമായ ഇന്ത്യയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നത്. കൊറോണ വൈറസ് ബാധ കാരണം ഇന്ത്യയിൽ ജീവൻ നഷ്ടമായവർക്ക് അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്‍തു.