മിസ്‌റ്റർ ഇന്ത്യ ജഗദീഷ് ലാഡ് കൊറോണ ബാധിച്ച്‌ മരിച്ചു

ബറോഡ: മിസ്‌റ്റർ ഇന്ത്യ ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ച്‌ കായികലോകം. കൊറോണ ബാധിതനായ ജഗദീഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ലോകസൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ അടക്കം ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നിരവധി രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ സ്വർണ മെഡൽ ജേതാവും ലോക ചാംപ്യൻഷിപ് വെള്ളി മെഡൽ ജേതാവുമാണ്.

ഇദ്ദേഹത്തിന് നാലു ദിവസം മുന്‍പാണ് കൊറോണ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ഓക്സിജന്‍ സഹായം കൊണ്ട് ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു. വഡോദരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

‘ജഗദീഷിന്റെ വിയോഗം ഇന്ത്യൻ ബോഡിബിൽഡിംഗിന് ഒരു തീരാനഷ്‌ടമാണ്. വളരെ വിനയമുള്ള സ്വഭാവം ആയതിനാൽ അവനെ ഞങ്ങൾക്ക് വളരെ ഇഷ്‌ടമായിരുന്നു. സീനിയർ ബോഡിബിൽഡിംഗ് രംഗത്ത് അവന്റെ സംഭാവനകൾ വളരെ വലുതാണ്. അവൻ മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല,’ ജഗദീഷിന്റെ സുഹൃത്തും പഴ്സനൽ ട്രെയിനറുമായ രാഹുൽ ടർഫേ പറഞ്ഞു’.

മഹാരാഷ്ട്രയിലെ സാംഗ്ലി കുന്ദാൾ ഗ്രാമത്തിൽ ജനിച്ച ജഗദീഷ് ലാഡ് പിന്നീട് നവി മുംബൈയിലേക്ക് താമസം മാറ്റി. അതിനുശേഷം വഡോദരയിൽ സ്വന്തം ജിംനേഷ്യം തുടങ്ങുകയും അങ്ങോട്ട് മാറുകയുമായിരുന്നു.